ഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശിയ ഇടത് എം.പിക്ക് സസ്‌പെന്‍ഷന്‍

Update: 2024-05-29 13:26 GMT

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശി പ്രതിഷേധിച്ച ഇടത് എം.പി സെബാസ്റ്റ്യന്‍ ഡെലോഗുവിന് സസ്‌പെന്‍ഷന്‍. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഫ്രാന്‍സ് അംഗീകരിക്കുമോ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് സെബാസ്റ്റ്യന്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 'സര്‍ക്കാരിനോട് ചോദ്യം ചോദിക്കവെ അദ്ദേഹം ഫലസ്തീന്‍ പതാകയുമായി എഴുന്നേറ്റു. ഇത് ഒരിക്കലും സ്വീകാര്യമായ പ്രവര്‍ത്തിയല്ല,' സ്പീക്കര്‍ യേല്‍ ബ്രൗണ്‍പിവൈറ്റ് പറഞ്ഞു.

അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അലവന്‍സ് രണ്ട് മാസത്തേക്ക് പകുതിയായി കുറക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പ്രതിഷേധാത്മകമായി പാര്‍ലമെന്റില്‍ നിന്ന് വാക് ഔട്ട് നടത്തി.

നിറഞ്ഞ കയ്യടികളോടുകൂടിയായിരുന്നു സഭയിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പ്രതിഷേധത്തെ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത്. 'ലോകത്ത് സമാധാനം കൊണ്ടുവരാനുള്ള ദൗത്യം ഞങ്ങള്‍ ഇനിയും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. അതിനായി എവിടെയും ഏത് സമയത്തും ഞങ്ങള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരിക തന്നെ ചെയ്യും,' എല്‍.എഫ്.ഐ പാര്‍ട്ടി തങ്ങളുടെ നിലപാട് എക്‌സില്‍ കുറിച്ചു.

എന്നാല്‍ ചില എം.പിമാര്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ ആഘോഷിക്കുകയും ചെയ്തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔഗ്യോഗികമായി അംഗീകരിച്ച ദിവസമാണ് അദ്ദേഹം ഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത്.

ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയാണ് നോര്‍വെയും സ്‌പെയിനും അയര്‍ലാന്റും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇതോടെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 145 ആയി.

എന്നാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചിട്ടില്ല. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും അദ്ദേഹം തന്റെ നയം വ്യക്തമാക്കിയിരുന്നു.

'ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതിനുള്ള സമയം ഇപ്പോഴും ആയിട്ടില്ല. ഏറ്റവും ഫലപ്രദമെന്ന് തോന്നുന്ന സമയത്ത് ഞങ്ങള്‍ അത് ചെയ്യുന്നതാണ്,' അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ മാത്രമല്ല അയര്‍ലന്റിലെയും ഇറ്റലിയിലും എം.പിമാര്‍ ഫലസ്തീനോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശിയിരുന്നു.




Tags:    

Similar News