സ്ത്രീവിരുദ്ധ പരാമര്‍ശം: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെതിരേ വനിതാ കമ്മീഷന്റെ പരാതി
ന്യൂഡല്‍ഹി: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെതിരേ കേസെടുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയ്ക്ക് കത്തെഴുതി. സ്ത്രീകളെ ട്വിറ്ററിലൂടെ അപമാനിച്ചുവെന്നും മോശം വാക്കുകളിലൂടെ ചിത്രീകരിച്ചുവെന്നുമാരോപിച്ചാണ് ആസാദിനെതിരേ കേസെടുക്കാന്‍ വനിതാകമ്മീഷന്‍ ഡിജിപി എച്ച് സി അവാസ്തിക്ക് കത്തെഴുതിയത്. 2018 മാര്‍ച്ച് 23നും 2018 ഏപ്രില്‍ 16നും ആസാദ് ഒരു സ്്ത്രീയുമായി നടത്തിയ ട്വിറ്റര്‍ സംഭാഷണത്തില്‍ മോശം വാക്കുകളുപയോഗിച്ചുവെന്നാണ് പരാതി.
ആസാദിന്റെ ട്വിറ്റര്‍ പരാമര്‍ശം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും അവരെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷന്‍ മേധാവി രേഖ ശര്‍മ പരാതിയില്‍ പറയുന്നു.
https://twitter.com/BhimArmyChiet?s=20 എന്ന ട്വിറ്റര്‍ പോസ്റ്റാണ് തെളിവായി നല്‍കിയിട്ടുളളത്. നിലവില്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതായാണ് കാണിക്കുന്നത്.
@NCWIndia has taken cognizance of the demeaning tweets made on #women by @BhimArmyChief. Chairperson @sharmarekha has written to @dgpup requesting strict action against Azad to put an end to #cybercrimes against #women. pic.twitter.com/uNQwMJza9z
— NCW (@NCWIndia) June 19, 2020
സ്ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ഇടത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ വര്‍ധിച്ചുവരുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ആ ട്വീറ്റുകള്‍ താന്‍ അയച്ചതല്ലെന്ന് ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. ആ സമയത്ത് താന്‍ ജയിലിലായിരുന്നെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.
'സ്ത്രീവിരുദ്ധമായ ചില ട്വീറ്റുകള്‍ എന്റെ അക്കൗണ്ടില്‍ നിന്ന് വരികയും അത് വൈറലാവുകയും ചെയ്തിരുന്നു. സഹാറന്‍പൂര്‍ അക്രമക്കേസില്‍ പെട്ട് ഞാന്‍ 08/06/2017 മുതല്‍ 14/09/2018 വരെയുള്ള കാലത്ത് ജയിലിലായിരുന്നുവെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ട്വീറ്റുകള്‍ ഈ കാലയളവിലുള്ളതാണ്, അതേ കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന ആളാണ്''- ആസാദ് ട്വീറ്റ് ചെയ്തു.
തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് ഫെബ്രുവരി 2018നാണ് തുടങ്ങിയതെന്നും താന്‍ സെപ്റ്റംബര്‍ 2018നാണ് ജയില്‍മോചിതനായതെന്നും ആസാദ് പറഞ്ഞു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ആസാദ് പറഞ്ഞു.