നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി, നിര്‍ണായക തെളിവ് നല്‍കി ബിഹാര്‍ പോലിസ്

Update: 2024-06-24 07:45 GMT

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാര്‍ പോലിസ്. ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്‌കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. ബിഹാറില്‍ അറസ്റ്റിലായ വ്യക്തി 30 വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡല്‍ഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങള്‍ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കും. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലെ പരീക്ഷ കേന്ദ്രമായ സ്‌കൂളില്‍ നിന്നാണ് ബിഹാറിലേക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിവരമാണ് നിലവില്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ഇതില്‍ പങ്കാളിയായ ഒരു അധ്യാപകന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ക്രമക്കേടില്‍ ഇന്ന് എന്‍എസ്‌യു ഡല്‍ഹിയില്‍ പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധിക്കും. പരീക്ഷ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നേക്കും. പുതിയതായി എന്‍ടിഎ ഡിജിയുടെ ചുമതല കേന്ദ്രം നല്‍കിയ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ്ങ് കരോള്‍ ഇന്ന് ചുമതല ഏറ്റെടുക്കും.

പരീക്ഷയില്‍ ക്രമക്കേട് നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എന്‍ടിഎയ്ക്കാണെന്നാണ് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. സമയക്കുറവിന് ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോട് എബിവിപി അഭ്യര്‍ത്ഥിച്ചു.ഇതിനിടെ, നീറ്റില്‍ പുനപരീക്ഷ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും രാജ്യത്ത് വിവിധയിടങ്ങളില്‍ തുടരുകയാണ്.

ഇതിനിടെ, എന്‍ടിഎയുടെ പുതിയ ഡിജി ചുമതലയേല്‍ക്കുന്ന പ്രദീപ് കരോള്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയ്യതി സംബന്ധിച്ച് തീരുമാനം എടുക്കും.അതേസമയം, നീറ്റ് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും.

Tags:    

Similar News