മദ്‌റസയില്‍ നിന്ന് തോക്കുകളും തിരകളും കണ്ടെടുത്തെന്ന് പോലിസ്; ആസൂത്രിത ഗൂഢാലോചനയെന്ന് അധ്യാപകന്‍
പട്‌ന: ബിഹാറില്‍ മദ്‌റസയില്‍നിന്ന് തോക്കുകളും തിരകളും കണ്ടെടുത്തെന്ന വാദവുമായി പോലിസ്. നാല് പിസ്റ്റളുകളും ഉപയോഗിക്കാത്ത എട്ട് വെടിയുണ്ടകളും കണ്ടെടുത്തെന്നാണ് പോലിസ് പറയുന്നത്. അതേസമയം, ആയുധങ്ങള്‍ കണ്ടെടുത്തതിന് പിന്നില്‍ ബിഹാര്‍ പോലിസിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്നാരോപിച്ച് മദ്‌റസയിലെ അധ്യാപകന്‍ രംഗത്തുവന്നു. തങ്ങള്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ മദ്‌റസയില്‍നിന്ന് നാല് പിസ്റ്റളുകളും എട്ട് വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തെന്നാണ് ബിഹാര്‍ പോലിസ് അവകാശപ്പെടുന്നത്. ബിഹാറിലെ ബങ്ക ജില്ലയില്‍ ശനിയാഴ്ചയാണ് പോലിസ് മദ്‌റസയില്‍ റെയ്ഡ് നടത്തിയത്.
എന്നാല്‍, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. സമഗ്രമായ അന്വേഷണം നടക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ബങ്ക പോലിസ് സൂപ്രണ്ട് പറഞ്ഞു. പ്രത്യേകിച്ച് ആരുടെയും സാധനങ്ങളാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് ആസൂത്രിതമായ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്നാണ് മദ്‌റസ അധ്യാപകന്റെ വിശദീകരണം. ഒരുകൂട്ടം പോലിസുകാര്‍ ആദ്യം മദ്‌റസയില്‍ വന്ന് പരിശോധന നടത്തി. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. അവര്‍ പോവാനൊരുങ്ങുമ്പോള്‍ അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ആരോ അവരോട് പറയുന്നുണ്ടായിരുന്നു.
ആയുധങ്ങള്‍ സൂക്ഷിച്ച പ്രത്യേക സ്ഥലത്തെക്കുറിച്ച്. ആയുധങ്ങള്‍ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് അവര്‍ എങ്ങനെ അറിഞ്ഞു ?- റിപബ്ലിക് മീഡിയ നെറ്റ്‌വര്‍ക്കിനോട് അധ്യാപകന്‍ പറയുന്നു. ബിഹാറിലെ ബങ്ക ജില്ലയില്‍ മറ്റൊരു മദ്‌റസയില്‍ ബോംബ് സ്‌ഫോടനം റിപോര്‍ട്ട് ചെയ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവമുണ്ടാവുന്നത്. ശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരുഭാഗം റോഡിന്റെ മറുവശത്തേക്ക് തകര്‍ന്നുവീണു. മദ്‌റസ പൂര്‍ണമായും തകര്‍ന്നിരുന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ആ സംഭവത്തിലും പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.