നേപ്പാള്‍ ബസ് അപകടം: മഹാരാഷ്ട്രയില്‍ നിന്നുള്ള 27 തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
മുംബൈ/ജല്‍ഗാവ്: നേപ്പാളില്‍ ബസ് അപകടത്തില്‍ മരിച്ച മഹാരാഷ്ട്ര തീര്‍ഥാടകരുടെ മൃതദേഹം ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ശനിയാഴ്ച നാസിക്കിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാംജീത് എന്ന മുന്ന, സരള റാണെ(42), ഭാരതി ജാവേഡ്(62), തുള്‍ഷിറാം തവാഡെ(62), സരള തവാഡെ(62), സന്ദീപ് സരോഡെ(45), പല്ലവി സരോഡെ(43), അനുപ് സരോഡെ(22), ഗണേഷ് ഭരംബെ(40), നിലിമ ദണ്ഡേ(57), പങ്കജ് ഭംഗഡെ(45), പരിഭാരംബെ(8), അനിത പാട്ടീല്‍, വിജയ ഝവാഡെ(50), രോഹിണി ഝവാഡെ(51), പ്രകാശ് കോടി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ടൂറിസ്റ്റ് ബസ് ഹൈവേയില്‍ നിന്ന് മാര്‍സ്യാങ്ഡി നദിയിലേക്ക് മറിഞ്ഞാണ് 27 തീര്‍ഥാടര്‍ മരണപ്പെട്ടത്. മുംബൈയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ജല്‍ഗാവ് ജില്ലയിലെ വരന്‍ഗാവ്, ദര്യപൂര്‍, തല്‍വേല്‍, ഭുസാവല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡ്രൈവറും രണ്ട് സഹായികളും ഉള്‍പ്പെടെ 43 യാത്രക്കാരുമായി ഗൊരഖ്പൂരില്‍ നിന്നുള്ള ബസ് പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുമ്പോള്‍ നേപ്പാളിലെ ചിറ്റവാന്‍ ജില്ലയിലെ അന്‍ബുക്ക് ഹൈരേനി പ്രദേശത്താണ് സംഭവം. 16 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും 11 പേര്‍ ചികില്‍സയ്ക്കിടെയും മരണപ്പെട്ടു. പരിക്കേറ്റ 16 പേരെ കാഠ്മണ്ഡുവിലെത്തിച്ച് ത്രിഭുവന്‍ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 10 ദിവസത്തെ ഹിമാലയന്‍ പര്യടനത്തിനായി രണ്ട് ദിവസം മുമ്പ് മൂന്ന് ബസുകളിലായി മഹാരാഷ്ട്രയില്‍ നിന്ന് നേപ്പാളിലെത്തിയ 104 ഇന്ത്യന്‍ തീര്‍ഥാടക സംഘത്തിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.