ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി പ്രത്യേക പ്ലാനുമായി ഡിജിറ്റല്‍ വീഡിയോ പ്ലാറ്റ്‌ഫോം വമ്പന്മാരായ നെറ്റ്ഫ്‌ലിക്‌സ്. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷന് മാത്രമായി കുറഞ്ഞ നിരക്കില്‍ പ്രത്യേക പ്ലാന്‍ അവതരിപ്പിക്കാനാണ് നെറ്റ്ഫ്‌ലിക്‌സ് ഒരുങ്ങുന്നത്. മൊബൈല്‍ സ്ബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്ന് കഴിഞ്ഞാല്‍ നിലവിലെ പ്ലാനില്‍ നിന്നും അമ്പത് ശതമാനം കുറവ് വരെ പ്രതീക്ഷിക്കാമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സാധ്യത.
500 രൂപയാണ് നിലവില്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന് ഈടാക്കുന്നത്. മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ മാത്രമുള്ള പ്ലാനില്‍ 250 രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ഫോര്‍മാറ്റിലെ എല്ലാ വീഡിയോകളും ഉപഭോക്താക്കള്‍ക്ക് ആസ്വാധിക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം സമാന സ്വഭാവമുള്ള മറ്റ് കമ്പനികളുമായുള്ള പോരാട്ടം കടുപ്പിക്കുക കൂടിയാണ് നെറ്റ്ഫ്‌ലിക്‌സ്. മറ്റു സര്‍വീസ് ദാതാക്കളായ ആമസോണും ഹോട്സ്റ്റാറും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സബസ്‌ക്രിപ്ഷന്‍ നല്‍കുന്നത്.