അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാരത്തിന്റെ ഭാഗമാണ് പുതിയ കേസെന്നാണ് ദിലീപ് ഹരജിയില്‍ വാദിച്ചിരിക്കുന്നത്.

Update: 2022-01-18 02:27 GMT

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം കേസ് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയും പരിഗണിക്കുന്നുണ്ട്.

കേസില്‍ ഏറെ നിര്‍ണായകമായ വിഐപി ദിലീപിന്റെ സുഹൃത്തായ ഹോട്ടലുടമ ശരത്താണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലിസ് അന്വേഷിച്ചുവെങ്കിലും ശരത്ത് മൂന്നുദിവസമായി ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാരത്തിന്റെ ഭാഗമാണ് പുതിയ കേസെന്നാണ് ദിലീപ് ഹരജിയില്‍ വാദിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, കേസിലെ വിഐപി എന്ന് പോലിസ് കരുതുന്ന ശരത്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ ഉദേ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ശരത്തിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ഹാജരാവാന്‍ തയ്യാറാവാതെ ശരത്ത് ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Tags:    

Similar News