ക്ലിഫ് ഹൗസ് ചുറ്റുമതില്‍ അറ്റകുറ്റപ്പണിക്കും പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കാനും 42.90 ലക്ഷം

മുഖ്യമന്ത്രിക്കായി കിയ കാര്‍ണിവല്‍ ആഡംബര കാര്‍ വാങ്ങാനും തീരുമാനിച്ചിരുന്നു

Update: 2022-06-26 10:59 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കാനും ചുറ്റുമതില്‍ അറ്റകുറ്റപ്പണികള്‍ക്കുമായി 42.90 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.

പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ എസ്റ്റിമേറ്റില്‍ ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലും പുതിയ പശുത്തൊഴുത്ത് പണിയുന്നതിനുമായി 42.90 ലക്ഷം അനുവദിച്ചിരിക്കുന്നു എന്നാണുള്ളത്.

മുഖ്യമന്ത്രിയുടെ യാത്ര ഇനി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പുതുപുത്തന്‍ കിയാ കാര്‍ണിവലിലാക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാഹനത്തിന് 33,31,000 രൂപയാണ് വിലവരുന്നത്. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 സീറ്റര്‍ ആണ്.

പുതിയ വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടികെ ജോസ് ഉത്തരവിറക്കി. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലിസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡി.ജി.പി അനുമതി തേടി. 

Tags:    

Similar News