'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ശശികലയും പ്രതീഷും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷം രൂപ അനുവദിച്ച തീരുമാനത്തെ പ്രശംസിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകയും ഹിന്ദു ഐക്യവേദി നേതാവുമായ ശശികലയും പ്രതീഷ് വിശ്വനാഥും രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് തീവ്ര ഹിന്ദുത്വവാദികളായ ശശികലയും പ്രതീഷും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 42 ലക്ഷം രൂപ അനുവദിച്ചത്രെ!!. പിണറായ് ജി!. വന്ദേ ഗോമാതരം' എന്നാണ് ശശികല ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. വിദ്വേഷ പ്രചാരകനും തീവ്ര ഹിന്ദുത്വ വാദിയുമായ പ്രതീഷ് വിശ്വനാഥും ഗോശാല നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
'മുഖ്യമന്ത്രിയുടെ വസതിയില്‍ ഗോശാല തുടങ്ങാനുള്ള തീരുമാനം നല്ലതാണ്... എന്നാല്‍ ഇത് കൊണ്ടൊന്നും സ്വര്‍ണക്കടത്തില്‍ നിന്നും രക്ഷപെടാന്‍ പറ്റും എന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. മുഖ്യമന്ത്രി ഓഫീസിനെ കൊള്ള സംഘമാക്കി മാറ്റിയതിനു പിണറായി വിചാരണ നേരിട്ടേ മതിയാകൂ...വന്ദേഗോമാതരം'. പ്രതീഷ് കുറിച്ചു.