ഇടുക്കി: കാട്ടാന തടസം സൃഷ്ടിച്ചതിനാല്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിയാതെ നവജാത ശിശു മരിച്ചു. വാളറ കുളമാന്‍കുഴിക്ക് സമീപം പാട്ടിയിടുമ്പു ആദിവാസി കുടിയിലെ രവി- വിമല ദമ്പതികളുടെ 22 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ പനി കലശലായതോടെ കുട്ടിയെ അടിമാലി താലൂക്കാശുപ്രതിയില്‍ എത്തിക്കുന്നതിനായി കുടുംബാംഗങ്ങള്‍ കുടിയില്‍ നിന്ന് ഇറങ്ങിയെങ്കിലും വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഇന്നലെ രാവിലെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.