നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം, സൗന്ദര്യമില്ലെന്ന് പറഞ്ഞും ഉപദ്രവം; കേൾവിശക്തി തകരാറിലായി

Update: 2024-07-10 13:40 GMT

മലപ്പുറം: നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലിസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെപ്പോലും സംശയത്തോടെയാണ് കണ്ടത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മര്‍ദനം തുടര്‍ന്നതായും പരാതിയിലുണ്ട്.

വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും നവവധുവിന്റെ പരാതിയിലുണ്ട്.

ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22ാം തീയതി നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് 23ാം തീയതി പോലിസില്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കിയിട്ടും പോലിസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാംപ്രതിയാക്കി മലപ്പുറം വനിതാ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫായിസിന്റെ മാതാവും പിതാവുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

Tags:    

Similar News