അബഹ: രാജ്യത്ത് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച ഫെബ്രുവരി മാസം മുതൽ തന്നെ അതിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകി ആരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച വ്യക്തികളെ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി ആദരിച്ചു .
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപകലില്ലാതെ സേവനം ചെയ്ത് അസീർ മേഖലയുടെ അഭിമാനമായി മാറിയ "മൈകെയർ" ഹോസ്പിറ്റലിലെ പ്രധാനി ഡോ. ബിനു കുമാർ, അസീർ സെൻട്രൽ ഹോസ്പിറ്റലിലെ നഴ്സായ ബീന ബീഗം തുടങ്ങിയവരെയാണു സോഷ്യൽ ഫോറം ആദരിച്ചത്.
ഖമീസ് മുഷൈത് താജ്മഹൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര ഡോ. ബിനുകുമാറിനും ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം സിസ്റ്റർ ബീന ബീഗത്തിനും മെമെന്റോ നൽകി അനുമോദിച്ചു.
പ്രവാസ ലോകത്ത് മഹാമാരിക്കാലത്തെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ മികച്ച സേവനം കാഴ്ച്ച വെച്ച ഇത്തരം വ്യക്തിത്വങ്ങളെയാണു നമ്മൾ സേവന മാതൃകയാക്കേണ്ടതെന്നും ഇന്ന് നമ്മളവരെ അംഗീകരിക്കുകയും നമ്മളാൽ അവർ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് അവരുടെ കഠിനാധ്വാത്തിൻ്റെ ഫലമാണെന്നും കോയ ചേലേമ്പ്ര പറഞ്ഞു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇവരെപ്പോലുള്ളവർ ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്നത് അന്വർത്ഥമാക്കുന്നത് കാണാനിടയായ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം ഇവരെ ആദരിക്കാൻ തീരുമാനിച്ചെതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പരിപാടിയിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം അബഹ ചാപ്റ്റർ പ്രസിഡണ്ട് കരീം മണ്ണാർക്കാട്, ഇന്ത്യൻ സോഷ്യൽ ഫോറം അബഹ ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് റാഫി പട്ടർപാലം തുടങ്ങിയവർ ആശംസകൾ നേർന്നു. സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് പ്രസിഡണ്ട് ഇസ്മാഈൽ ഉളിയിൽ സ്വാഗതവും അസീർ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം നന്ദിയും പറഞ്ഞു.