പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ള മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി യുഎഇ നിരോധിച്ചു
ദുബയ്: പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. ഉക്രെയ്ന്‍, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോര്‍സിക്ക, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, റഷ്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മാംസ ഇറക്കുമതിയാണ് യുഎഇ നിരോധിച്ചത്. പരിസ്ഥിതികാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്ക്.
അയര്‍ലന്‍ഡില്‍ നിന്ന് അലങ്കാര പക്ഷികള്‍, ഇറച്ചിക്കോഴികള്‍, കുഞ്ഞുങ്ങള്‍, കാട്ടുജീവികള്‍, വിരിയിക്കുന്ന മുട്ടകള്‍, സംസ്‌കരിച്ച ഗോമാംസം, ആട്, ആട്ടിന്‍ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണ നിരോധനം ഏര്‍പെടുത്തി. അയര്‍ലന്‍ഡില്‍ പക്ഷിപ്പനി വളരെ ഉയര്‍ന്ന നിലയില്‍ പടരുന്നതായി യുഎഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നീക്കം.
മേല്‍പറഞ്ഞ രാജ്യങ്ങള്‍ രോഗരഹിതമെന്ന് പ്രഖ്യാപിക്കും വരെ കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, കുഞ്ഞുങ്ങള്‍, വിരിയിക്കുന്ന മുട്ടകള്‍, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധമേര്‍പെടുത്തി. അതേ സമയം ഈജിപ്ത്, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ല.