പൂപ്പത്തി ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചു

Update: 2021-02-02 18:57 GMT

മാള: പൂപ്പത്തി ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചു. രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം തുടങ്ങിയ ചക്ക സംസ്‌ക്കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം വീണ്ടും നിലച്ചിരിക്കയാണ്. മറ്റൊരു ചക്കക്കാലം പടിവാതില്‍ക്കലെത്തി നില്‍ക്കവേയാണ് അപ്രതീക്ഷിതമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചത്. 2013 ആഗസ്റ്റ് മാസത്തിലാണ് ചക്ക സംസ്‌കരണ ഫാക്ടറിയുടെ തുടക്കം. ആദ്യം ചക്കയില്‍ നിന്ന് ഹല്‍വയും ജാമും നിര്‍മ്മിച്ചു. പിന്നീട് ചക്കയുടെ വരവ് കുറഞ്ഞതോടെ പ്രവര്‍ത്തനം മന്ദീഭവിച്ചു.

കുറഞ്ഞ തോതിലുള്ള ഉല്പാദനമാണ് ആദ്യം ആരംഭിച്ചത്. യന്ത്ര സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് കൂടുതല്‍ അളവില്‍ ഉല്പാദനം നടക്കാതെ വന്നത്. നാല് വനിതകളടക്കം എട്ട് തൊഴിലാളികളാണ് ആദ്യം ഉണ്ടായിരുന്നത്. ക്രമേണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചുപോയി. 2016 ല്‍ വീണ്ടും ഉദ്ഘാടനം നടത്തിയെങ്കിലും ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പ്രവര്‍ത്തനം താളം തെറ്റി. തുടര്‍ന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെട്ട് 2017ല്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചു. ചക്കയെ സംസ്ഥാന ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരുന്നു. ഒരു വര്‍ഷം 600 മെട്രിക് ടണ്‍ ചക്ക ഇവിടെ സംസ്‌കരിക്കാനാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍. പ്രദേശികമായി ചക്ക സംഭരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രദേശത്ത് നിന്ന് ചക്ക വന്‍ തോതില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നത് സംഭരണത്തെ പ്രതികൂലമായി ബാധിച്ചു.

ഒരേക്കറിലെ ഫാക്ടറിയില്‍ കെട്ടിടങ്ങളും അനുബന്ധ സംവിധാനങ്ങളും ഉണ്ടെങ്കിലും വന്‍തോതില്‍ ചക്ക സംഭരിച്ച് സൂക്ഷിക്കാന്‍ ഫ്രീസിംഗ് സംവിധാനം ഇല്ല. ഇത് സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി 2017ല്‍ നടത്തിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിട്ടില്ല. കൃഷി മന്ത്രിയുടെ പ്രഖ്യാപനം നടപ്പില്‍ വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 1997ല്‍ ആഗ്ലോ ഇന്റസ്ട്രീസ് കോര്‍പറേഷന്‍ പഴസംസ്‌കരണ ഫക്ടറിക്കാണ് തുടക്കമിട്ടത്. ചക്കക്ക് പുറമെ മാങ്ങ, കൈതച്ചക്ക തുടങ്ങിയവയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അതും യാഥാര്‍ത്ഥ്യമായില്ല. ഒരു ചക്ക ഫാക്ടറിയില്‍ എത്തിച്ചാല്‍ കര്‍ഷകര്‍ക്ക് ഏഴ് രൂപയാണ് നല്‍കുക. ഇതിന്റെ ഇരട്ടി വില നല്‍കാന്‍ കച്ചവടക്കാര്‍ തയ്യാറായതോടെ ഫാക്ടറിക്ക് തിരിച്ചടിയായി. ഫാക്ടറിയില്‍ എത്തിക്കുന്ന ചക്ക പള്‍പ്പാക്കി മാറ്റിയാലേ ഉല്പാദനം മുടങ്ങാതെ നടക്കൂ. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിട്ടും നിലവിലെ എം എല്‍ എയുടെ പിതാവ് വി കെ രാജന്‍ കൃഷി വകുപ്പുമന്ത്രിയായിരുന്നപ്പോള്‍ അദ്ധേഹം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ കൊണ്ടുവന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എങ്ങുമെത്താത്ത അവസ്ഥയിലാണ്. അതേസമയം കഴിഞ്ഞ ബജറ്റില്‍ ഫാക്ടറിയുടെ പുനഃരുദ്ധാരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Similar News