തൃശൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം: അടിയന്തിര യോഗം ചേര്‍ന്നു -കെ ജീവന്‍ ബാബു നോഡല്‍ ഓഫീസര്‍

Update: 2021-02-04 04:02 GMT

തൃശൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടിയന്തിര യോഗം ചേര്‍ന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാ നോഡല്‍ ഓഫിസറായി ചുമതലയേറ്റ സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയിലാണ് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ ചേംബറില്‍ യോഗം ചേര്‍ന്നത്.

യോഗത്തില്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്താനും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും രേഖപ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ ബാബു നിര്‍ദേശം നല്‍കി.

ഇത്തരം കാര്യങ്ങള്‍ക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നു വീതവും നഗരസഭ, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ 4 പേര്‍ വീതവും സെക്ടറല്‍ മജിസ്‌ട്രേറ്റ് ആന്‍ഡ് കൊവിഡ് സെന്റിനല്‍സിനെ നിയോഗിച്ചു.

ജില്ലാ കലക്ടര്‍ എസ് ഷാനവാസിനെ കൂടാതെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പ്രദീപ് , ഡെപ്യൂട്ടി ഡി എം ഒ സതീഷ് നാരായണന്‍, എന്‍ എച്ച് എം ഡി പി എം ഡോ. ടി വി സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.

Similar News