കുന്നംകുളം: നഗരസഭാ പ്രദേശത്തെ പനങ്ങായി ഇറക്കത്തുള്ള പാടത്തും തോട്ടിലും മാലിന്യം നിക്ഷേപിച്ച സ്ഥാപനമുടമകളെ പിടികൂടി 30,000 രൂപ വീതം പിഴയീടാക്കി.
ഗുരുവായൂരിലെ രണ്ട് കല്യാണ മണ്ഡപങ്ങളിലെ രണ്ട് ലോഡ് മാലിന്യങ്ങളാണ് കുന്നംകുളം നഗരസഭ പരിധിയില്‍ നിക്ഷേപിച്ചത്. മാലിന്യം ശേഖരിച്ച് വാഹനത്തില്‍ കൊണ്ടുവന്ന സാബു എന്ന വ്യക്തിക്കെതിരെ കുന്നംകുളം പോലിസ് കേസെടുത്തു.
കുന്നംകുളം നഗരസഭയിലെ ആരോഗ്യ വിഭാഗം രാത്രികാല സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മാലിന്യ നിക്ഷേപം പിടികൂടിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍ദാസ്, എന്‍ കമലാക്ഷി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരായ അരുണ്‍ വര്‍ഗ്ഗീസ്, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.
സമ്പൂര്‍ണ ശുചിത്വ പദവി ലക്ഷ്യമിട്ട് നാളെ മുതല്‍ ശുചിത്വ സര്‍വേ ആരംഭിക്കാനിരിക്കെയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ നടപടിയുണ്ടായത്. വരും നാളുകളില്‍ നഗരസഭാ പരിധിയില്‍ കര്‍ശന ജാഗ്രത സ്‌ക്വാഡ് പ്രവര്‍ത്തിക്കുമെന്നു സെക്രട്ടറി ടി കെ സുജിത് വ്യക്തമാക്കി.