തൃശൂര്‍: അയ്യന്തോള്‍ കുറിഞ്ഞ്യാക്കല്‍ തുരുത്ത് നിവാസികളുടെ കാലങ്ങളായുള്ള ദുരിതയാത്ര ഇനി പഴങ്കഥ. കാല്‍ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് കുറിഞ്ഞ്യാക്കലില്‍ പാലം വന്നു. കുറിഞ്ഞ്യാക്കല്‍ പാലം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായി എന്ന ചാരിതാര്‍ത്ഥ്യമാണ് പാലം തുറന്നു കൊടുത്തപ്പോള്‍ ഉണ്ടായതെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. തുരുത്തു നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്നും ഇനി ഇതു വഴി വികസനം വന്നെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പാലം യാഥാര്‍ത്ഥ്യമായതോടെ കെ എല്‍ ഡി സി കനാലിന് കുറുകെ കയര്‍ കെട്ടി വഞ്ചി വലിച്ചുള്ള ആബാലവൃദ്ധം ജനങ്ങളുടെയും യാത്രാദുരിതത്തിന് പരിസമാപ്തിയായി. പാലമില്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ പഠനവും തൊഴിലും പ്രതിസന്ധിയിലായ ഒട്ടേറെ പേര്‍ തുരുത്തിലുണ്ട്.
മന്ത്രി നാട മുറിച്ച് പാലം തുറന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ ആഹ്ലാദാരവം മുഴക്കി. തുടര്‍ന്ന് നാട്ടുകാരുടെ അകമ്പടിയില്‍ മന്ത്രിയും മേയറും മറ്റ് ജനപ്രതിനിധികളും പാലത്തിലൂടെ സഞ്ചരിച്ചു.
കുറിഞ്ഞ്യാക്കലിനെ പുതൂര്‍ക്കരയുമയി ബന്ധിപ്പിക്കുന്ന പാലം തുറന്നതോടെ തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്.
2018 ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 496.79 ലക്ഷം രൂപ വകയിരുത്തി നബാര്‍ഡ് ധനസഹായത്തോടെ കെഎല്‍ഡിസി
(കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) യാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 5.5 മീറ്റര്‍ കാര്യേജ് വേയോടെ 22 മീറ്റര്‍ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം.
പാലം തുറന്നതോടെ തുരുത്തിലെ 1500 ഏക്കറിലെ നെല്‍ കൃഷി കൂടുതല്‍ മികച്ചതാവും. പ്രദേശത്തെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താനാകും.
മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെ എല്‍ ഡി സി ചെയര്‍മാന്‍ പി വി സത്യനേശന്‍, സ്ഥിരം സമിതി അംഗങ്ങളായ പി കെ ഷാജന്‍, ഷീബ ബാബു, കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.