സമയബന്ധിതമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി; ഉദ്ഘാടനത്തിന് കാക്കാതെ തുറക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
തൃശൂര്‍: കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെര്‍ബര്‍ട്ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ ഗതാഗതം പുന:സ്ഥാപിച്ചു. ഉദ്ഘാടനം ഉടന്‍ നടത്തും.
ഹെര്‍ബര്‍ട്ട് റോഡ് ആധുനികവല്‍ക്കരിക്കുന്നതിനും ഇതിലൂടെയുള്ള ബസ് ഗതാഗതം സുഗമമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ 2019 2020 ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്.
റോഡില്‍ സീബ്രാലൈനുകള്‍, സിഗ്‌നലുകള്‍, റിഫ്‌ളക്ടറുകള്‍ തുടങ്ങിയവ ഉടന്‍ സ്ഥാപിക്കും. തുടര്‍ന്ന് റോഡിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
റോഡിന്റെ നിര്‍മാണോദ്ഘാടനം 2020 സെപ്റ്റംബര്‍ 22 നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചത്. ആറു മാസത്തിനകം തന്നെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി അന്നു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നിര്‍മിച്ച് ഗതാഗതം കൂടുതല്‍ വിപുലപ്പെടുത്താനും മന്ത്രി കരാറുകാരോട് നിര്‍ദ്ദേശിച്ചിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങള്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
ഗുരുവായൂര്‍ റോഡില്‍ നിന്ന് താഴേക്ക് നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ഹാള്‍ എന്നിവയുടെ മുന്‍പിലൂടെയാണ് ആധുനിക രീതിയില്‍ നിര്‍മിച്ച റോഡ് കടന്നു പോകുന്നത്. ഇതിലൂടെ പ്രതിദിനം ആയിരത്തോളം വാഹനങ്ങളാണ് കടന്നു പോകുന്നത്. അതിനാല്‍ തന്നെ റോഡുപണി വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.