പ്രാഥമിക വിദ്യാലയങ്ങള്‍ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

Update: 2021-02-24 11:23 GMT

മാള: പ്രാഥമിക വിദ്യാലയങ്ങള്‍ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. വലിയപറമ്പ് രാമവിലാസം ലോവര്‍ പ്രൈമറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വരും തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അതിലൂടെ ഒരു സമൂഹത്തിന്റെ കെട്ടിപ്പടുക്കലും കൂടിയാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ എത്താത്തതിനെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും പല സ്‌കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ ഓരോ വിദ്യാലയങ്ങളും അടച്ചുപൂട്ടാന്‍ ഉള്ളതല്ല ജനകീയമായി വളര്‍ത്താന്‍ ഉള്ളവയാണ്. ഇതുതന്നെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യവും. പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരുന്ന കൊഴിഞ്ഞുപോക്കലിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കോവിഡിന്റെ സമയത്ത് ലോകത്ത് എല്ലാ സ്‌കൂളുകളും പൂട്ടി കിടന്നപ്പോഴും ഡിജിറ്റല്‍ പഠനത്തിലൂടെ ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ നമുക്ക് കഴിഞ്ഞു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിയുന്നു. ഇത് പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പഠിക്കുവാനുള്ള ആശയമാണ്. ഇതുതന്നെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ആധുനികവും സൗജന്യവും സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആത്യന്തികമായി ചെയ്തു വരുന്നതെന്നും മന്ത്രി പറഞ്ഞു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ എ അഷറഫ്, പ്രധാനാദ്ധ്യാപിക കെ എസ് സീന ടീച്ചര്‍ വാര്‍ഡ് മെമ്പര്‍ സിനി ബെന്നി, സ്‌കൂള്‍ മുന്‍ മാനേജര്‍ എസ് ലക്ഷ്മണ പൈ, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹി പി കെ രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ ഉന്നത വിജയം നേടിയ ഗോപിക ബേബിക്കുട്ടനെ ചടങ്ങില്‍ മൊമന്റൊ നല്‍കി മന്ത്രി ആദരിച്ചു.1926 ല്‍ അഡൂപറമ്പില്‍ രാമപൈയുടെ നേതൃത്വത്തിലാണ് കുരുവിലശ്ശേരി രാമവിലാസം എല്‍ പി സ്‌കൂള്‍ സ്ഥാപിതമാകുന്നത്. വലിയപറമ്പ് സെന്ററില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രണ്ട് ഏക്കര്‍ വരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മാള ഗ്രാമപഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളിലെ ഏക പൊതുവിദ്യാലയമാണ് കുരുവിലശ്ശേരി എല്‍ പി സ്‌കൂള്‍. സ്‌കൂളും പരിസരവും നടന്ന് കണ്ടാണ് മന്ത്രി ചടങ്ങിലേക്കെത്തിയത്.

Similar News