തൃശൂര്‍ നഗരത്തില്‍ എത്തും പ്രതിദിനം 200 ലക്ഷം ലിറ്റര്‍ കുടിവെള്ളം

Update: 2021-02-25 01:01 GMT

തൃശൂര്‍: കോര്‍പറേഷന്റെ വര്‍ധിച്ചു വരുന്ന ശുദ്ധജല ആവശ്യകത പരിഹരിക്കുന്നതിന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീച്ചിയില്‍ നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേര്‍ന്ന് 20 ദശലക്ഷം ജലം വിതരണം ചെയ്യുന്നതിനായി പുതിയ ശുദ്ധീകരണശാല പൂര്‍ത്തീകരിച്ചു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 എംഎല്‍ഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് അയ്യന്തോള്‍ ഇ കെ മേനോന്‍ മന്ദിരത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

പ്രതിദിനം ആളോഹരി 150 ലിറ്റര്‍ ജലത്തിനു മുകളില്‍ ലഭ്യമാക്കുന്ന രീതിയിലാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പീച്ചി റിസര്‍വോയറാണ് ഈ പദ്ധതിയുടെ ജല സ്രോതസ്. 17.30 കോടി രൂപ ചിലവഴിച്ച് പ്രതിദിനം 200 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്ന ആധുനിക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റാണിത്.

150 എച്ച് പി ശേഷിയുള്ള റോ വാട്ടര്‍ പമ്പ് സെറ്റ്, 200 മീറ്റര്‍ നീളമുള്ള 500 എം എം ഡി ഐ റോ വാട്ടര്‍ പമ്പിങ് മെയിന്‍, 20 എം എല്‍ ഡി ജലശുദ്ധീകരണശാല,10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധജല ഭൂഗര്‍ഭ സംഭരണി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ പൗളി പീറ്റര്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ റോ വാട്ടര്‍ പമ്പ് സെറ്റ് സ്വിച്ച് ഓണ്‍ കര്‍മം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ക്ലാരിഫ്‌ലോക്കുലേറ്റര്‍ യൂണിറ്റുകളുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വഹിച്ചു.

ഫില്‍റ്റര്‍ ഹൗസ്,കെമിക്കല്‍ ഹൗസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി, ജോണ്‍ ഡാനിയേല്‍ അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ രേണു രാജ്, കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ ടി കെ ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News