കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി കർശന നടപടി: ജില്ലാ കലക്ടർ

Update: 2021-04-28 12:41 GMT

തൃശൂർ: കൊവിഡ് രണ്ടാം വരവിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇനിയും പാലിച്ചില്ലെങ്കിൽ കർശന നടപടികൾ എടുക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 

കണ്ടെയ്ൻമെൻ്റ് സോണുകളിൽ അവശ്യ സർവീസുകളായ പാൽ, പത്രം, തപാൽ, എൽ പി ജി ഗ്യാസ് വിതരണം, മെഡിക്കൽ ഷോപ്പ്, റേഷൻ കട, പൊതു വിതരണ കേന്ദ്രം, പാൽ സൊസൈറ്റി എന്നിവയല്ലാതെ മറ്റു യാതൊരു വിധ കടകളും (പച്ചക്കറി, പലച്ചരക്ക് കടകൾ മുതലായവ) സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും കലക്ടർ അറിയിച്ചു.

മരണം, ആശുപത്രി ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുന്ന കോടതികൾ, റവന്യൂ, ആരോഗ്യം, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസ്, വൈദ്യുതി ഓഫീസ് എന്നിവയല്ലാതെ മറ്റെല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും ഇവിടങ്ങളിൽ പ്രവർത്തിക്കുത്.

അവശ്യ വസ്തുക്കൾ ആർ ആർ ടി വഴി മാത്രം വിതരണം ചെയ്യാം. ബാങ്കിങ് സ്ഥാപനങ്ങൾ പരമാവധി പകുതി ജീവനക്കാരെ വച്ച് ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ പ്രവർത്തിപ്പിക്കാം. വഴിയോര കച്ചവടം, വാഹനങ്ങളിൽ സഞ്ചരിച്ചുള്ള കച്ചവടം, തട്ടുകടകൾ എന്നിവ കർശനമായി നിരോധിച്ചു.

നിർമ്മാണ മേഖലയിലെ ജോലികൾക്ക് അന്യ സംസ്ഥാനത്തു നിന്ന് ഇനിയും തൊഴിലാളികളെ കൊണ്ടുവരരുതെന്നും കലക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കണ്ടെയ്ൻമെൻറ് സോണുകളിലെ റോഡുകൾ അടച്ചിടാൻ തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായും ഇവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും കലക്ടർ വ്യക്തമാക്കി.

Similar News