പൃഥ്വിരാജിന് പിന്നാലെ അനൂപ് മേനോനും; ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് ഒരു ലക്ഷം സംഭാവന
കോഴിക്കോട്: ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അനൂപ് മേനോന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചിട്ടുമുണ്ട്.
നേരത്തെ പൃഥ്വിരാജ് കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടിയുള്ള സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആശുപത്രിയിൽ കഴിയുന്ന കൊവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ.