ബയോ ഡീഗ്രേഡബിള്‍ കൂടകളില്‍ ഒരു ലക്ഷം തൈകള്‍ ഉല്‍പാദിപ്പിച്ച് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്; തൈകള്‍ ആവശ്യമുള്ളവര്‍ക്ക് ജൂലൈ 7 വരെ സൗജന്യമായി നല്‍കും
തൃശൂര്‍: പ്ലാസ്റ്റിക് പോളി ബാഗിന് പകരം ബയോ ഡീഗ്രേഡബിള്‍ കൂടകള്‍ ഉപയോഗിച്ച് ഒരു ലക്ഷത്തോളം ഫലവൃക്ഷം/ ഔഷധം/ മറ്റിനം തൈകള്‍ ഉല്‍പാദിപ്പിച്ച് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്. 2021 ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തൃശൂര്‍ ഫോറസ്റ്ററി ഡിവിഷന് കീഴിലെ തൃശൂര്‍, ചാലക്കുടി ഫോറസ്റ്ററി റേഞ്ചുകളിലാണ് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ചത്.
തൃശൂര്‍ റെയിഞ്ചിന് കീഴില്‍ കുന്നത്തുംകര, നെല്ലങ്കര എന്നിവടങ്ങളിലും ചാലക്കുടി റേഞ്ചിന് കീഴിലെ മനപ്പടി, പള്ളിപ്പടി എന്നിവിടങ്ങളിലുമാണ് തൈകളുടെ നഴ്‌സറികള്‍ സജ്ജമാക്കിയത്. വനമഹോത്സവ പരിപാടികള്‍ സമാപിക്കുന്ന ജൂലൈ 7 വരെ വൃക്ഷവല്‍ക്കരണത്തിന് സന്നദ്ധരായ വിവിധ രജിസ്‌ട്രേഡ് ക്ലബ്ബുകള്‍, എന്‍ജിഒകള്‍, അംഗീകൃത പരിസ്ഥിതി സംഘടനകള്‍, സര്‍ക്കാര്‍സര്‍ക്കാരേതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍ തുടങ്ങിയവയ്ക്ക് തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
തൈകള്‍ ആവശ്യമുള്ളവര്‍ അപേക്ഷകള്‍ തൃശൂര്‍ സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ ഓഫീസിലോ, ചാലക്കുടി/ തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലോ സമര്‍പ്പിക്കണം. സീതപ്പഴം, നെല്ലി, പേര, നീര്‍മരുത്, നാരകം, പ്ലാവ്, പുളി, ഉങ്ങ്, താന്നി, മന്ദാരം, മട്ടി, ആഞ്ഞിലി, ദന്തപാല, കൂവളം, ആവളം, പൂവരശ് എന്നീ ഇനത്തില്‍പ്പെട്ട തൈകളാണ് നിലവില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2320609, 8547603775 (തൃശൂര്‍ റേഞ്ച് ഓഫീസര്‍), 8547603777 ( ചാലക്കുടി റേഞ്ച് ഓഫീസര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.