സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചു
റിയാദ്: ഇന്ത്യയുടെ 75-ാംസ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, റിയാദ് കേരള ചാപ്റ്റര്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാംപില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി ആളുകള്‍ പങ്കെടുത്തു.
സൗദിയിലെ ഇന്ത്യന്‍ പ്രവാസികളള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യം അറിയിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റ
'Blood Donation - 2021' കാംപയിന്റെ ഭാഗമായാണ് ഈ മാതൃക പ്രവര്‍ത്തനം കാഴ്ചവെച്ചത്.
കൊവിഡ് പശ്ചാത്തലത്തില്‍ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സാമൂഹ്യ ബാധ്യത ഏറ്റെടുത്താണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കാംപയിനുമായി മുന്നിട്ടിറങ്ങുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യാര്‍ത്ഥം എപ്പോള്‍ ബന്ധപ്പെട്ടാലും ഫോറം പ്രവര്‍ത്തകര്‍ സഹകരിക്കാറുണ്ടെന്നും അധിക്യതര്‍ അറിയിച്ചു.
കൊവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കുവാന്‍ തയ്യാറായ ഫോറം പ്രവര്‍ത്തകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ മേധാവി ഡോക്ടര്‍ സയ്യിദ് അഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റര്‍ മരിയാ കെലിന്‍ അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ, സെക്രട്ടറി സൈദലവി ചുള്ളിയാന്‍, ഇല്‍യാസ് തിരൂര്‍, റഹീസ് തിരൂര്‍, കബീര്‍ മമ്പാട്, റസാഖ് വല്ലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.