സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക: അഷ്‌റഫ് മൊറയൂര്‍

Update: 2021-08-25 11:14 GMT

അബഹ: രാജ്യം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ജനങ്ങള്‍ ആശങ്കയിലാണെന്നും ഇന്ത്യയുടെ സ്വാതന്ത്യസമരത്തിന് ഒരു സംഭാവനയും നല്‍കാത്തവരും സമരത്തെ ഒറ്റു കൊടുത്തവരും മേലാളവേഷത്തില്‍ രാജ്യത്ത് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അതില്‍ നിന്നും മുക്തി നേടാന്‍ പൊതു ജനം സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി മാറേണ്ടതുണ്ടെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശുദ്ധ രാഷ്ട്രീയം കാഴ്ച വെക്കുന്നവര്‍ അധികാരത്തിലെത്തിയാലെ ഇന്ന് ഇന്ത്യ നേരിടുന്ന വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത് നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലേറിയവരാണ്. ഇത്തരം ശക്തികളെ ജനങ്ങള്‍ തിരസ്‌കരിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ വിലവര്‍ദ്ധനവിലൂടെയും കരിനിയമങ്ങളിലൂടെയും നട്ടപ്പാതിര നേരത്തുള്ള നിയമ നിര്‍മ്മാണങ്ങളിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ കേന്ദ്രത്തിലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് കുറേക്കാലം പാടി നടക്കുകയും പ്രതിസന്ധി കാലത്ത് പോലും അധികാരത്തിലേറ്റിയ ജനങ്ങളെ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലും ഭരണം നടത്തുമ്പോള്‍ ജനങ്ങള്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലതിരിഞ്ഞ നിയമങ്ങള്‍ ചുട്ടെടുക്കുന്ന തിരക്കിലാണ് ഈ മഹാമാരി സമയത്തും ഇരു സര്‍ക്കാറുകളും. ഭരണകക്ഷിയെ തിരുത്തേണ്ട പ്രതിപക്ഷ കക്ഷികള്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നതും നമ്മള്‍ കാണുന്നു. അത് കൊണ്ട് രാജ്യത്തെ നല്ലവരായ ജനാധിപത്യ വിശ്വാസികള്‍ മുഴുവനും ഇതിനെതിരെ പ്രതിഷേധിക്കണം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

തേജസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര സ്വാഗതം ആശംസിച്ചു. കരീം മണ്ണാര്‍ക്കാട്, അഷ്‌കര്‍ വടകര എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു. സെന്‍ടല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂ ഹനീഫ മണ്ണാര്‍ക്കാട് നന്ദി രേഖപ്പെടുത്തി.

Similar News