മാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

Update: 2024-11-16 08:21 GMT

പത്തനംതിട്ട: സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്ക് അപമാനമുണ്ടാക്കും വിധം ഫോട്ടോയും വ്യക്തിവിവരങ്ങളും മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് പണം തട്ടിയ കേസിലാണ് ഏഴംകുളം പറക്കോട് എംജിഎം സ്‌കൂളിന് സമീപം നിധിന്‍ ഭവനം വീട്ടില്‍ താമസിക്കുന്ന കെ സി രാജന്‍ (54), ഇയാളുടെ ഭാര്യ ബിന്ദു രാജന്‍(48) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ രേഖ എന്ന യുവതി നടത്തിയ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. തന്റെ സഹോദരന് വിവാഹാലോചനയ്ക്ക് എന്ന പേരില്‍ ആദ്യം ഇവര്‍ തട്ടിപ്പ് സംഘത്തെ സമീപിച്ചു. എന്നാല്‍ യുവതിയോട് സംഘം ഗൂഗിള്‍ പേ വഴി പണം ആവശ്യപെടുകയായിരുന്നു. എന്നാല്‍ ഈ സമയം പത്തനംതിട്ട പോലിസിനും ഇവര്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലിസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകളും പോലിസ് പിടിച്ചെടുത്തു.കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നാണ് മാട്രിമോണിയല്‍ സൈറ്റ് നടത്തിയത്. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലിസ് ഊര്‍ജ്ജിതമാക്കി.

Tags:    

Similar News