പാലക്കാട്: നഗരത്തിലെ വീട്ടില്‍ ജോലിചെയ്തുവരവെ 26 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ദമ്പതികളെ ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ കോഴിപ്പതി സ്വദേശികളായ അമല്‍രാജ് (34), ഭാര്യ കലമണി (31) എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തി വിഹാറില്‍ നാരായണസ്വാമിയുടെ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ, ഡയമണ്‍ഡ് ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഫെബ്രുവരി മുതല്‍ അമല്‍രാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടില്‍ ജോലിചെയ്തുവരികയായിരുന്നു. ആഗസ്ത് മാസത്തില്‍ പൂജാമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
ഇരുവരും ജോലിക്ക് നിന്ന കാലം മുതല്‍ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷണം പോയതായി പോലിസ് കണ്ടെത്തി. ശമ്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് മോശമായി സംസാരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് മോഷണം നടത്തിയത്. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളില്‍നിന്ന് കണ്ടെത്തി. ബാക്കിയുള്ളവ വില്‍പ്പന നടത്തിയതായും വ്യക്തമായി. ഇവര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ബാക്കിയുള്ള സ്വര്‍ണം കണ്ടെത്തും.
സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ എം മഹേഷ്‌കുമാര്‍, രമ്യ കാര്‍ത്തികേയന്‍, അഡീഷനല്‍ എസ്‌ഐമാരായ മുരുകന്‍, ഉദയകുമാര്‍, നാരായണന്‍കുട്ടി, എഎസ്‌ഐ രതീഷ്, സീനിയര്‍ സിപിഒമാരായ നസീര്‍, സതീഷ്, കൃഷ്ണപ്രസാദ്, എം സുനില്‍, സിപിഒമാരായ സജിന്ദ്രന്‍, നിഷാദ്, രവി, ഷാജഹാന്‍, രമേശ്, ജഗദംബിക, ദിവ്യ, ദേവി, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആര്‍ രാജീദ്, എസ് ഷാനോസ്, ആര്‍ വിനീഷ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഷെബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.