സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍
അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. അരീക്കോട് കടുങ്ങലൂര്‍ സ്വദേശിയെ സോഷ്യല്‍ മീഡിയാ വഴി പരിചയപ്പെടുകയും തൃശൂരിലെ അനാഥാലയത്തിലാണെന്നും രോഗിയാണെന്നും പറഞ്ഞ് ചികില്‍സാര്‍ഥം പലതവണയായി 11 ലക്ഷം രൂപ ദമ്പതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
രണ്ടാമത്തെ മകളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തിലിട്ടാണ് പരാതിക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. തങ്ങളുടെ ഇല്ലായ്മകളെല്ലാം അവതരിപ്പിച്ചപ്പോള്‍ വിവിധ ഘട്ടങ്ങളിലായി ഇയാള്‍ പണം അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് സംശയംതോന്നി ഇവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് വിലാസത്തില്‍ അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്നാണ് കടുങ്ങല്ലൂര്‍ സ്വദേശി അരീക്കോട് പോലിസില്‍ പരാതി നല്‍കിയത്.
പോലിസ് ഐടി വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രതികളെ വര്‍ക്കലയില്‍ നിന്ന് പിടികൂടിയത്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശമുണ്ടായിരുന്നതായി എസ്എച്ച്ഒ സി വി ലൈജുമോന്‍ പറഞ്ഞു. എസ്‌ഐ അഹമ്മദ്, എഎസ്‌ഐ രാജശേഖരന്‍, ജയസുധ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയതെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.