രാഹുലിനെ രാവണനാക്കി ബിജെപി, കൊല്ലാനുള്ള ആഹ്വാനമെന്ന് കോണ്‍ഗ്രസ്; പോസ്റ്റര്‍ യുദ്ധം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററിനെ ചൊല്ലി രാഷ്ട്രീയ പോര്. ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് പുതിയ കാലത്തെ ഏഴുതലകളോടുകൂടിയ രാവണനായി രാഹുല്‍ഗാന്ധിയുടെ ചിത്രം പുറത്തിറക്കിയത്. 'പുതുയുഗ രാവണന്‍ ഇവിടെയുണ്ട്. അവന്‍ ദുഷ്ടനാണ്. ധര്‍മ്മ വിരുദ്ധനാണ്. രാമനെതിരാണ്. ഭാരതത്തെ തകര്‍ക്കുകയാണ് അയാളുടെ ലക്ഷ്യം എന്നാണ് ബിജെപി എക്‌സില്‍ കുറിച്ചത്. ഭാരതം അപകടത്തിലാണ്, ഒരു കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മാണം, സംവിധാനം: ജോര്‍ജ്ജ് സോറോസ് എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രാവേളയിലുള്ള രാഹുലിന്റെ താടിയുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിട്ടുള്ളത്. പോസ്റ്ററിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിിയെ കൊലപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നായിരുന്നു എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ആരോപണം. 'രാഹുല്‍ ഗാന്ധിയെ രാവണനോട് ഉപമിച്ച ലജ്ജാകരമായ ചിത്രത്തെ അപലപിക്കാന്‍ വാക്കുകളില്ല. അവരുടെ നീചമായ ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് വേണുഗോപാല്‍ കുറിച്ചു. നിസാര രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ എസ്പിജി സുരക്ഷ സര്‍ക്കാര്‍ ആദ്യം പിന്‍വലിച്ചത്. അദ്ദേഹത്തിന് മറ്റൊരു വീട് അനുവദിച്ചിട്ടില്ല. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് തങ്ങളുടെ കടുത്ത വിമര്‍ശകനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആസൂത്രിതമായ ഗൂഢാലോചനയെയാണ്. വിദ്വേഷം നിറഞ്ഞ ആശയത്തിന്റെ അടിവേരിനെ ആക്രമിക്കുന്നയാളെന്ന നിലയിലാണ് ഇത്തരം ആക്രമണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രകോപനപരവുമായ പോസ്റ്റ് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അംഗീകരിക്കുന്നുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി എക്‌സിലെ ഒരു പോസ്റ്റില്‍ ചോദിച്ചു. 'ആദരണീയരായ നരേന്ദ്ര മോദി, ജെ പി നദ്ദ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?. നിങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോല്‍സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിക്കുന്നുണ്ടോ?. ധാര്‍മികതയെക്കുറിച്ച് നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പോലെ, പ്രതിജ്ഞകളും മറന്നുപോയോ' എന്നാണ് പ്രിയങ്ക എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നത്. പോസ്റ്റര്‍ തികച്ചും അപകടകരമാണെന്ന് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ക്രൂരമായ ചിത്രത്തിന്റെ യഥാര്‍ഥ ഉദ്ദേശം എന്താണ്? ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ പിതാവിനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ഒരു കോണ്‍ഗ്രസ് എംപിക്കും പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റിനുമെതിരേ ആക്രമണം പ്രോല്‍സാഹിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള വ്യക്തമായ സന്ദേശമാണിതെന്ന് ജയറാം രമേശ് എക്‌സില്‍ പറഞ്ഞു. അതേസമയം, ബിജെപിയുടെ പോസ്റ്ററിനെതിരേ അതേ നാണയത്തില്‍ കോണ്‍ഗ്രസും തിരിച്ചടിച്ചു. 'ഏറ്റവും വലിയ നുണയന്‍' എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തു. മറ്റൊരു പോസ്റ്റില്‍ മോദിയെ 'ജുംല ബോയ്' എന്നാണ് വിശേഷിപ്പിച്ചത്.