'വ്രതമെടുക്കുന്നതിന് പകരം സ്ത്രീകള്‍ ഭരണഘടന വായിക്കൂ'; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ദലിത് അധ്യാപകനെ വാരാണസി സര്‍വകലാശാല പുറത്താക്കി
ലഖ്‌നോ: നവരാത്രിയുടെ ഭാഗമായി ഒമ്പത് ദിവസത്തെ വ്രതമെടുക്കുന്നതിന് പകരം സ്ത്രീകള്‍ ഇന്ത്യന്‍ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദലിത് അധ്യാപകനെ ഉത്തര്‍പ്രദേശിലെ വാരാണസി സര്‍വകലാശാല പുറത്താക്കി. മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ ഡോ.മിഥിലേഷ് കുമാര്‍ ഗൗതമിനെയാണ് പുറത്താക്കിയത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മിഥിലേഷിന് കാംപസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
'സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നവരാത്രി സമയത്ത് ഒമ്പത് ദിവസം വ്രതമെടുക്കുന്നതിന് പകരം ഇന്ത്യന്‍ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താല്‍ അവരുടെ ജീവിതം ഭയത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടും. ജയ് ഭീം' എന്നായിരുന്നു ഡോ.മിഥിലേഷ് കുമാര്‍ ഗൗതമിന്റെ ഹിന്ദിയിലുള്ള കുറിപ്പ്.
ഹിന്ദു മതത്തിന് വിരുദ്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് സപ്തംബര്‍ 29ന് എബിവിപി രേഖാമൂലം സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ.മിഥിലേഷ് കുമാറിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. നിലവിലെ സാഹചര്യവും സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് അദ്ദേഹത്തോട് കാംപസിനുള്ളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയതെന്ന് രജിസ്ട്രാര്‍ ഡോ. സുനിത പാണ്ഡെ പറഞ്ഞു.
ആരോപണവിധേയനായ ഗസ്റ്റ് ലക്ചറര്‍ക്ക് തന്റെ ഭാഗം വാദിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ സമീപിച്ചിട്ടുണ്ട്. ഇരുപക്ഷത്തിനും പറയാനുള്ളത് കേള്‍ക്കാമെന്ന് വൈസ് ചാന്‍സലര്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുകയും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഡോ. ഗൗതമിന്റെ പരാമര്‍ശം തെറ്റാണെന്നും സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എബിവിപി ഭാരവാഹിയായ അനൂജ് ശ്രീവാസ്തവ പറഞ്ഞു.