ഏഴാമത് റഹീം മേച്ചേരി പുരസ്‌കാരം പി എ റഷീദിന്

Update: 2021-08-29 01:00 GMT

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി നല്‍കി വരുന്ന 'റഹീം മേച്ചേരി പുരസ്‌കാരത്തിന്' ഇത്തവണ പി എ റഷീദ് നിറമത്തൂര്‍ അര്‍ഹനായി. മാധ്യമപ്രവര്‍ത്തകന്‍,പ്രഭാഷകന്‍,പരിഭാഷകന്‍, കോളമിസ്റ്റ്,സാമൂഹ്യ നിരീക്ഷകന്‍,സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് പി എ റഷീദിനെ ഈ വര്‍ഷത്തെ മേച്ചേരി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സര്‍വ്വകലാശാല പുബ്ലിക് റിലേഷന്‍ ഓഫിസര്‍,സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഡയറക്ടര്‍ തുടങ്ങിയ മേഖലകളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എഡിറ്റര്‍, വിവിധ ജില്ലകളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലും കോഴിക്കോട് മേഖലാ അഡീഷണല്‍ ഡയറക്ടറായും സേവനം ചെയ്തു. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

മമ്പാട് എംഇഎസ് കോളജില്‍ നിന്ന് ബിരുദവും, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ചന്ദ്രിക,മലയാള മനോരമ തുടങ്ങിയ പത്രങ്ങളില്‍ പത്രാധിപ സമിതി അംഗം, ഗ്രേസ് ബുക്ക്‌സ് ജനറല്‍ എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രേസ് ബുക്ക്‌സ് പുറത്തിറക്കിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരുമായി അറിയപ്പെടുന്ന 18 ചരിത്ര പുരുഷന്‍മാരുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന 18 പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് പി.എ. റഷീദ് ആണ്.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി 2007 ല്‍ പുറത്തിറക്കിയ എണ്ണൂറോളം പേജുകളുള്ള റഹീം മേച്ചേരിയുടെ ലേഖന സമാഹാരത്തിന്റെ ചീഫ് എഡിറ്ററും ഇദ്ധേഹമായിരുന്നു.

ഇതിന് പുറമെ മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടേറെ മുസ്‌ലിം ലീഗ് ചരിത്ര ഗ്രന്ഥങ്ങളുടെയും സോവനീറുകളുടെയും എഡിറ്റിംഗ് നിര്‍വഹിച്ച പി എ റഷീദ് നിരവതി ഡോക്യൂമെന്ററികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനും,ചന്ദ്രിക പത്രാധിപരായിരുന്ന സി പി സൈതലവി,കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രെട്ടറി അബൂബക്കര്‍ അരിമ്പ്ര,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ചന്ദ്രിക പത്രാധിപരും ഗ്രന്ഥകാരനും,മികച്ച രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥം2007ലാണ് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി മേച്ചേരി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന മേച്ചേരി പുരസ്‌കാരം ഇ ടി മുഹമ്മദ് ബഷീര്‍,എം സി വടകര,എ എം കുഞ്ഞിബാവ,സി പി സൈതലവി,എം.ഐ തങ്ങള്‍,റഹ്മാന്‍ തായലങ്ങാടി എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സമ്മാനിച്ചിരുന്നത്.

സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ,മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് പി എ റഷീദിന് പുരസ്‌കാരം സമ്മാനിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ജൂറി അംഗം അബൂബക്കര്‍ അരിമ്പ്ര, ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ ഒളവട്ടൂര്‍, മണ്ഡലം പ്രസിഡന്റ് കെകെ മുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അയക്കോടന്‍, എം കെ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News