സംസ്ഥാന പോലിസ് സേനയിലെ സംഘപരിവാര്‍ ഗ്യാങ്; ഭരണകക്ഷി നേതാവിന്റെ പ്രസ്താവന ഗൗവരമേറിയതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-09-07 14:30 GMT

ജിദ്ദ: കേരള പോലിസ് സേനയില്‍ സംഘ്പരിവാറിന്റെ സാന്നിധ്യവും ഇടപെടലുകളും സംബന്ധിച്ച് ഭരണ കക്ഷിയായ സിപിഐയുടെ ദേശീയ നേതാവ് ആനി രാജയുടെ വെളിപ്പെടുത്തല്‍ തള്ളിക്കളയാതെ ഗൗരവത്തിലെടുക്കേണ്ടതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബവാദി ബ്ലോക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുഭരണകാലം മുതല്‍ തന്നെ ആഭ്യന്തരവകുപ്പില്‍ സംഘപരിവാരം പിടിമുറുക്കിയതിന്റെ ഫലമായി ആര്‍എസ്എസ് ഭീകരര്‍ പ്രതികളായ കേസുകളെല്ലാം നിസ്സാരവല്‍ക്കരിച്ചു കുറ്റവാളികളെ തുറന്നു വിടുന്ന പ്രവണത തുടര്‍ന്നു വരികയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സംഘിപ്രീണന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയനെ മുണ്ടുടുത്ത മോഡി എന്ന് വിശേഷിപ്പിച്ചത് ഇന്നും തിരുത്തപ്പെടാതെ കിടക്കുകയാണ്. അതേ സമയം കേരള പോലിസിലെ ആര്‍എസ്എസ് സെല്ലിന്റെ പ്രവര്‍ത്തനത്തെ അപലപിച്ചു കൊണ്ട് സിപിഐയുടെ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചത് കോടികളുടെ മുട്ടില്‍ മരം കൊള്ള തിരിഞ്ഞു കുത്തുമെന്ന ഭയവും സിപിഎമ്മിന്റെയും സംഘ്പരിവാറിന്റെയും ഭീഷണി മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും യോഗം വിലയിരുത്തി.

കഴിഞ്ഞ ഇടതു ഭരണ കാലത്ത് കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല എന്നും അമിത് ഷായാണെന്നും സിപിഎം നേതാവായ എംവി ഗോവിന്ദന്‍ പ്രസംഗിച്ചത് ഇപ്പോഴത്തെ നടപടികളുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.

യുഎഇ നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് ഡോളറും സ്വര്‍ണ്ണവും കടത്തിയ കേസിലെ പ്രമുഖരെയും നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേരളത്തിലേക്ക് കോടികള്‍ കടത്തിയ സംഘപരിവാര നേതാക്കളെയും ശുദ്ധരാക്കിയ നടപടിയും ആഭ്യന്തര വകുപ്പിലെ അന്തര്‍ധാരയുടെ ഫലമാണ്. ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നും പിടികൂടുന്ന തോക്കുകളും ബോംബുകളും സംബന്ധിച്ച കേസുകളും കാര്യമായ അന്വേഷണമില്ലാതെ അവസാനിപ്പിക്കുകയും എന്നാല്‍, ചില വിഭാഗക്കാര്‍ കുറ്റാരോപിതരാകുമ്പോള്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പീഡിപ്പിക്കുകയും രാഷ്ട്രാന്തര ബന്ധം ചാര്‍ത്തുന്ന ചെയ്യുന്ന പോലീസ് നടപടി തുടരുകയുമാണ്.

ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കേണ്ട പോലിസ് സേനയിലിരുന്നുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷജനകമായ വാര്‍ത്തകളും ഫോട്ടോകളും പ്രചരിപ്പിക്കുകയും വംശീയ കലാപത്തിന് കളമൊരുക്കുകയും ചെയ്യുന്ന വര്‍ഗീയ ഭ്രാന്തന്മാര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി സിദ്ദീഖ് എടക്കാട് (പ്രസിഡന്റ്), സമീര്‍ പൂനൂര്‍ (സെക്രട്ടറി), നൗഫല്‍ താനൂര്‍(വൈസ് പ്രസിഡന്റ്), മന്‍സൂര്‍ മണ്ണാര്‍ക്കാട്, അനസ് കടക്കല്‍ (ജോ. സെക്രട്ടറിമാര്‍), ജമാല്‍ തിരുവേഗപ്പുറ, കരീം വാഴക്കാട് (എക്‌സി. മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അമീന്‍ മാസ്റ്റര്‍ പുത്തനത്താണി, ഷാഹുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Similar News