തൃശൂര്‍: മികച്ച സ്‌കെയില്‍അപ് സംരംഭ പുരസ്‌കാര നിറവില്‍ പാവറട്ടി പഞ്ചായത്തിലെ ശരണ്യ സനീഷ്. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി യുവയോജന 2.0 പുരസ്‌ക്കാര പ്രഖ്യാപനത്തിലാണ് ശരണ്യയുടെ ക്യാരി മീ ഇക്കോ ഫ്രണ്ട്‌ലി ബാഗ്‌സ് സംരംഭത്തിന് പുരസ്‌ക്കാരം ലഭിച്ചത്.
2019ല്‍ തൃശൂര്‍ ജില്ലയില്‍ പാവറട്ടി പഞ്ചായത്തില്‍ ആരംഭിച്ച സംരംഭം പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്ത വിപണന രീതിയാണ് തുടരുന്നത്. പേപ്പര്‍ ബാഗുകള്‍, ജൂട്ട് ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവയുടെ നിര്‍മാണവും വിപണനവുമാണ് ശരണ്യ സനീഷ് നടത്തി വരുന്നത്.നാഷ്ണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ കോട്ടയത്ത് സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിശീലന സര്‍ട്ടിഫിക്കറ്റും ശരണ്യ നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 3, 4 തിയതികളിലായി പിഎം യുവ പദ്ധതിയുടെ ഭാഗമായി നടത്തിയ മെന്ററിംഗ് ക്യാമ്പില്‍ ശരണ്യ പങ്കെടുത്തിരുന്നു. തുടര്‍ന്ന് വിവിധ വിപണന മേഖലകളില്‍ നിന്നായി വന്ന 60 പേരില്‍ നിന്നും പ്രസന്റേഷന്‍, വൈവ, പരീക്ഷ, സ്ഥാപന സന്ദര്‍ശനം തുടങ്ങി ഏഴോളം ഘട്ടങ്ങള്‍ പിന്നിട്ടശേഷമാണ് ശരണ്യ പുരസ്‌ക്കാരത്തിന് അര്‍ഹയായത്. സ്റ്റാര്‍ട്ടഅപ്പ് സംരംഭങ്ങളില്‍ സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ സംരംഭത്തിനും ജില്ലാതലത്തില്‍ മികച്ച ഒന്നാമത്തെ സംരംഭത്തിനുമുള്ള പുരസ്‌കാരമാണ് ശരണ്യയ്ക്ക് ലഭിച്ചിട്ടുള്ളത്.
യൂട്യൂബില്‍ തുടങ്ങിയ പഠനം സ്വയം തൊഴില്‍ സംരംഭത്തിലേക്ക് എത്തിയപ്പോള്‍ ശരണ്യ ഒരു മാസം വിപണനം ചെയ്തിരുന്നത് 5000 ത്തോളം പേപ്പര്‍ ബാഗുകളായിരുന്നു. അഹമ്മദാബാദ് ഉള്‍പ്പെടെ ജില്ലയില്‍ തന്നെ തൃശൂര്‍, കൊടുങ്ങല്ലൂര്‍, വാടാനപ്പിള്ളി, ചാവക്കാട്, കാഞ്ഞാണി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിര്‍മാണ ബാഗുകളുടെ വ്യാപാരം നടത്തി വന്നിരുന്നു. എന്നാല്‍ കോവിഡിന് ശേഷം വിപണനം 1000 ല്‍ താഴെ ആയിട്ടുണ്ട്. പേപ്പര്‍ ബാഗുകള്‍ അഞ്ചില്‍ തുടങ്ങി 100 രൂപ വരെയും, ജൂട്ട് ബാഗുകള്‍ 60 മുതല്‍ 300 രൂപ വരെയും, തുണി സഞ്ചികള്‍ 8 മുതല്‍ 32 രൂപ വരെയുമുള്ള നിരക്കിലാണ് വിറ്റ് വരുന്നത്. ജൂട്ട് ബാഗുകള്‍ 3 വര്‍ഷം വരെ ഈട് നില്‍ക്കുന്ന തരത്തിലുള്ളവയാണ്.
18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി സംരംഭാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി യുവജനങ്ങളെ തൊഴില്‍ അന്വേഷകര്‍ എന്ന സ്ഥിതിയില്‍ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴില്‍ നല്‍കാന്‍ പ്രാപ്തരായ സംരംഭകര്‍ എന്ന നിലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സി കുടുംബശ്രീയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച സംരംഭകര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ നിന്നും ശരണ്യ ഉള്‍പ്പെടെ 6 സംരംഭകര്‍ക്കും ജില്ലാമിഷനുമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.