ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദിനെ അനുകൂലിച്ചുള്ള വാര്‍ത്താ കുറിപ്പ്; തൃശൂര്‍ യുഡിഎഫ് അടിയന്തിര യോഗം ചേരും
പിഴവ് വരുത്തിയ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര് ഗിരിജനെ മാറ്റണം എന്ന ആവശ്യം മുസ്ലിം ലീഗ് ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
തൃശൂര്‍: പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചുള്ള വാര്‍ത്താക്കുറിപ്പ് നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ ജില്ലാ യുഡിഎഫ് യോഗം ഇന്ന് തൃശൂരില്‍ അടിയന്തിര യോഗം ചേരും. ലീഗ് അടക്കമുള്ള കക്ഷികള്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ചതോടെയാണ് വൈകീട്ട് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പിഴവ് വരുത്തിയ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര് ഗിരിജനെ മാറ്റണം എന്ന ആവശ്യം മുസ്ലിം ലീഗ് ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
അതേസമയം പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചുള്ള തൃശൂര്‍ ഡിസിസിയുടെ വാര്‍ത്താകുറിപ്പ് തയാറാക്കിയതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ജില്ല യുഡിഎഫ് കണ്‍വീനര്‍ കെ ആര് ഗിരിജന്‍ ന്യായീകരിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. താന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആര് ഗിരിജന്‍ പറഞ്ഞു.