പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെ വെള്ളപൂശിയ നിലപാട്; എതിര്‍പ്പ് ശക്തമായതോടെ മലക്കം മറിഞ്ഞ് വി എന്‍ വാസവന്‍

ചിലര്‍ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

Update: 2021-09-19 16:57 GMT

കോട്ടയം: പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളെ വെള്ളപൂശിയ നിലപാടിനെതിരേ മുസ്‌ലിം സമുദായത്തില്‍ നിന്നും സംഘടനാ ഭേദമില്ലാതെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് മന്ത്രി വി എന്‍ വാസവന്‍. ചിലര്‍ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


പാലാ ബിഷപ് പണ്ഡിതനാണെന്നും പ്രശ്‌നം സൃഷ്ടിക്കുന്നത് തീവ്രവാദികളാണെന്നുമാണ് മന്ത്രി വാസവന്‍ ബിഷപ്പിനെ പോയി കണ്ടശേഷം പ്രതികരിച്ചത്. തീവ്രവാദികളാണ് ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും വാസവന്‍ പറഞ്ഞിരുന്നു. ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണ് എന്ന തരത്തിലേക്ക് വിമര്‍ശനങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്. എന്നാല്‍ കുറ്റക്കാരനെ ന്യായീകരിക്കുകയും എതിര്‍ത്തവരെ തീവ്രവാദികളാക്കുകയും ചെയ്ത വാസവന്റെ പ്രസ്താവനക്കെതിരേ മുസ്‌ലിം സമൂഹത്തില്‍ നിന്നും അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതോടെയാണ് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് വാദിച്ച് വാസവന്‍ രംഗത്തെത്തിയത്.


'മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. പുസ്തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചര്‍ച്ചവിഷയം. നിരവധി പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഖുര്‍ആനും രാമായണവുമെല്ലാം അദ്ദേഹം വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇതെക്കുറിച്ചാണ് ഞാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുതായി ഉണ്ടായ വിവാദങ്ങള്‍ സംബന്ധിച്ച് ഒരു പ്രതികരണവും നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ല.' എന്നാണ് മന്ത്രി വാസവന്‍ വിശദീകരിക്കുന്നത്.




Tags:    

Similar News