കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരില്‍ കോട്ടയം ജില്ലക്കാരനായ ആദ്യ സിപിഎം മന്ത്രിയെന്ന പ്രത്യേകതയോടെയാണ് വി എന്‍ വാസവന്‍ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നത്. ടി കെ രാമകൃഷ്ണനുശേഷം ഇടതുപക്ഷത്തിന് കോട്ടയം ജില്ലയില്‍നിന്നും ഒരു മന്ത്രിയെ ലഭിക്കുന്നതും ആദ്യമായാണ്. പിണറായി മന്ത്രിസഭയില്‍ കന്നിക്കാരനായ അദ്ദേഹം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍നിന്ന് 14,303 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2006-11ല്‍ കോട്ടയം എംഎല്‍എയായിരുന്ന അദ്ദേഹം നിയമസഭയിലെത്തുന്നത് രണ്ടാം വട്ടമാണ്. ആറുവര്‍ഷമായി സിപിഎം കോട്ടയം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വി എന്‍ വാസവന്‍. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗമാണ്.
അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉപദേശകസമിതി ചെയര്‍മാനായ അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. വിഎന്‍ വാസവനിലൂടെ വികസനക്കുതിപ്പല്ലാതെ മറ്റൊന്നും കോട്ടയം പ്രതീക്ഷിക്കുന്നില്ല. 1954ല്‍ ജനിച്ച വാസവന്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1974ല്‍ സിപിഎം അംഗമായി. 1991 ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും 97ല്‍ ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രഥ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കോഫീഹൗസ് എംപ്ലോയീസ് യൂനിയന്‍ സ്ഥാപക പ്രസിഡന്റ്, കേരള സാറ്റ്‌കോം വര്‍ക്കേഴ്‌സ് ആന്റ് അസോസിയേറ്റ്‌സ് സ്ഥാപക സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയാണ്. കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായും പ്രവര്‍ത്തിച്ചു. റബ്‌കോ സ്ഥാപക ഡയറക്ടര്‍, ചെയര്‍മാന്‍, കോട്ടയം ജില്ലാസഹകരണബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, പാമ്പാടി ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, പാമ്പാടി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗം, പാമ്പാടി പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്, ടി കെ സ്മാരക പഠനകേന്ദ്രം രക്ഷാധികാരി, കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗം എന്നീ പദവികളും വഹിക്കുന്നു. ഭാര്യ ഗീത (റിട്ട. അധ്യാപിക, പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂള്‍). മക്കള്‍: ഡോ. ഹിമ നന്ദകുമാര്‍, ഗ്രീഷ്മ വാസവന്‍ (കംപ്യൂട്ടര്‍ എന്‍ജിനീയര്‍). മരുമകന്‍ ഡോ. നന്ദകുമാര്‍ (കിംസ് ആശുപത്രി തിരുവനന്തപുരം).