കല്‍പ്പറ്റ: വയനാട്ടില്‍ വീടും ഓഫീസും നിര്‍മിക്കാന്‍ പ്രിയങ്കാ ഗാന്ധി തീരുമാനിച്ചതായി റിപോര്‍ട്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള സൗകര്യങ്ങളാണ് പരിഗണനയിലുള്ളത്.
രാഹുല്‍ഗാന്ധി എംപിയായിരുന്ന കാലത്ത് വയനാട്ടിലെത്തുമ്പോള്‍ പിഡബഌുഡി റെസ്റ്റ് ഹൗസിലും റിസോര്‍ട്ടുകളിലുമായായിരുന്നു താമസിച്ചിരുന്നത്. ദേശീയരാഷ്ട്രീയത്തില്‍ ചുമതലകള്‍ കുറവായതിനാല്‍ വയനാട് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വീടിനൊപ്പം എംപി ഓഫീസ്, പാര്‍ട്ടി യോഗങ്ങള്‍ ചേരാനുള്ള സംവിധാനം, കോണ്‍ഫറന്‍സ് റൂം, ജനങ്ങളുമായി ഇടപഴകുന്നതിനുള്ള പ്രത്യേക ഓഫീസ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നാണ് പ്രിയങ്ക ആഗ്രഹിക്കുന്നത്.
ഇക്കാര്യം വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് പ്രിയങ്കയായിരുന്നു. ഇതേ സൗകര്യങ്ങള്‍ വയനാട്ടിലും വേണമെന്നാണ് പ്രിയങ്കയുടെ ആവശ്യം.