നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം;പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ 12 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രവും പോലിസ് സമര്‍പ്പിക്കും

Update: 2022-08-06 04:31 GMT

നിലമ്പൂര്‍:പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിന്റെ കൊലപാതകത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 3,177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.കേസില്‍ 12 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രവും പോലിസ് സമര്‍പ്പിക്കും.

അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ഡിഎന്‍എ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതോടൊപ്പം ഡിഎന്‍എ പരിശോധനാഫലം കൂടി നല്‍കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

2022 മെയ് എട്ടിനാണ് ഷാബാ ശരീഫിന്റെ കൊലപാതകത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചത്. പന്ത്രണ്ട് പേരെ വിവിധ ഘട്ടങ്ങളിലായി പോലിസ് അറസ്റ്റ് ചെയ്തു . മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫ്,ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന, വയനാട് കൈപ്പഞ്ചേരി ഷിഹാബുദ്ദീന്‍, നിലമ്പൂര്‍ മുക്കട്ട നിഷാദ്, വയനാട് കൈപ്പഞ്ചേരി നൗഷാദ്, വൈദ്യനെ മൈസൂരുവില്‍ നിന്ന് തട്ടി കൊണ്ടു വന്ന സംഘത്തിലെ ചന്തക്കുന്ന് സ്വദേശി അജ്മല്‍, ഷബീബ് റഹ്മാന്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ്, ചന്തക്കുന്ന് ചാരംകുളം അബ്ദുള്‍ വാഹിദ് എന്നിവരാണ് കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിലും നേരിട്ട് പങ്കെടുത്തവര്‍. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായം നല്‍കിയ ചന്തക്കുന്ന് സ്വദേശി സുനില്‍, വണ്ടൂര്‍ കാപ്പില്‍ മിഥുന്‍, പ്രതികള്‍ക്ക് പണവും സിം കാര്‍ഡും മൊബൈല്‍ ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂര്‍ സ്വാദേശി കൃഷ്ണ പ്രസാദ് എന്നിവരും പിടിയിലായി.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുക്കട്ട സ്വദേശി ഫാസില്‍, ഷമീം, ഷൈബിന്റെ സഹായിയായിരുന്ന റിട്ട. പോലിസ് ഉദ്യോഗസ്ഥന്‍ സുന്ദരന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നേകാല്‍ വര്‍ഷത്തോളം വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News