നിര്‍മല സീതാരാമനല്ല, ദുര്‍ബല സീതാരാമന്‍; ലോക്‌സഭയില്‍ ധനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രഞ്ജന്‍ ചൗധരി
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് നിര്‍മ്മല സീതാരാമനെ ദുര്‍ബല എന്ന് വിശേഷിപ്പിച്ചത്.
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍, നിര്‍മലയല്ല ദുര്‍ബലയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നിര്‍മലയ്ക്കു പകരം നില്‍ബല എന്ന ഹിന്ദി വാക്കാണ് ചൗധരി ഉപയോഗിച്ചത്. ഹിന്ദിയില്‍ നിര്‍ബല എന്നാല്‍ ദുര്‍ബല എന്നാണ് അര്‍ത്ഥം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചക്കിടയിലാണ് നിര്‍മ്മല സീതാരാമനെ ദുര്‍ബല എന്ന് വിശേഷിപ്പിച്ചത്.
ഞങ്ങള്‍ക്ക് നിങ്ങളെ വളരെ ബഹുമാനമാണ്. പക്ഷേ, നിങ്ങളുടെ മനസ്സിനനുസരിച്ച് പെരുമാറാന്‍ നിങ്ങള്‍ക്കാവുന്നില്ല, നിങ്ങളെ നിര്‍ബല സീതാരാമന്‍ എന്ന് വിളിക്കുന്നതാണ് ശരി- ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനര വളര്‍ച്ച ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇത് നിക്ഷേപത്തെ മാത്രമല്ല നിര്‍മ്മാണമേഖലയെയും ബാധിച്ചു. ബിജെപിയുടെ പിളര്‍ത്തല്‍ നയങ്ങളുടെ ഭാഗമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ചൗധരിയുടെ ഇടപെടല്‍. രാഹുല്‍ ബജാജിന്റേത് ദേശതാല്‍പര്യത്തിന് വിരുദ്ധമാണന്ന് മറുപടി പറഞ്ഞ് നിര്‍മല സീതാരാമനും രംഗത്തുവന്നു.
കേന്ദ്ര മന്ത്രിസഭയിലെ അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമും വന്‍കിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം. രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നവെന്നും നേരത്തേ അങ്ങനെയായിരുന്നില്ല എന്നായിരുന്നു ബജാജ് ഗ്രൂപ്പ് തലവന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോടു തുറന്നടിച്ചത്. അമിത് ഷായോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ സദസ്യര്‍ക്ക് അവസരം നല്‍കിയപ്പോഴാണു രാഹുല്‍ ബജാജ് എഴുന്നേറ്റു നിന്ന് ഈ വിമര്‍ശനം നടത്തിയത്. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് ബജാജിന്റെ പ്രസ്താവനക്കെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.