മാപ്പ് പറയേണ്ട കാര്യമില്ല; 'രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി
ന്യൂഡല്‍ഹി: രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ബിജെപി ചെറിയൊരു പ്രശ്‌നത്തെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രപത്‌നി എന്ന് പറഞ്ഞത് നാക്ക് പിഴയാണ്. അതിന്റെ പേരില്‍ തൂക്കിക്കൊല്ലുന്നെങ്കില്‍ ചെയ്യ്. ഇതിനെ വല്ലാതെ വലുതാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്- കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അധീര്‍ രഞ്ജന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി നേരത്തെ സ്മൃതി ഇറാനി രംഗത്തുവന്നിരുന്നു. അധീര്‍ രഞ്ജനു പുറമെ സോണിയാ ഗാന്ധിയും മാപ്പ് പറയണമെന്നാണ് സ്മൃതിയുടെ ആവശ്യം. കോണ്‍ഗ്രസ് ദലിത് വിരുദ്ധ, സ്ത്രീവിരുദ്ധ, ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സമരത്തിനിടയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് അധീര്‍ രഞ്ജന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചത്. അത് നാക്ക് പിഴയാണെന്ന് അധീര്‍ പറഞ്ഞതായി സോണിയാ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.