കോണ്‍ഗ്രസ് ലോക്‌സഭാ നേതാവിന്റെ ഓഫിസ് അടിച്ചുതകര്‍ത്തു; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം, രേഖകള്‍ കവര്‍ന്നു

വീടിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ ഓഫിസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. നാലംഗ സംഘം ഓഫിസിലെത്തി ജീവനക്കാരെ മര്‍ദിക്കുകയും, ഫയലുകള്‍ മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Update: 2020-03-04 05:26 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വസതിയില്‍ അക്രമികളുടെ തേര്‍വാഴ്ച. വീടിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ ഓഫിസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. നാലംഗ സംഘം ഓഫിസിലെത്തി ജീവനക്കാരെ മര്‍ദിക്കുകയും, ഫയലുകള്‍ മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഭരണപക്ഷത്തിനെതിരേ ചൗധരി ഉന്നയിക്കുന്നത്. ഇതിന്റെ പ്രതികാരമാണോ ആക്രമണമെന്ന് സംശയിക്കുന്നുണ്ട്. അതേസമയം അധീര്‍ ചൗധരിക്ക് നേരിട്ട് അറിയാവുന്നവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അക്രമികള്‍ സാധാരണ രീതിയില്‍ ശാന്തരായിട്ടാണ് വീട്ടിലേക്ക് കടന്നത്. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഇവരെ ചൗധരിക്ക് നേരത്തെ അറിയുന്നത് കൊണ്ടാണ് കടത്തി വിട്ടത്. ഹൂമയൂണ്‍ റോഡിലാണ് അദ്ദേഹത്തിന്‍രെ വീട്. ചൗധരിയുടെ ഓഫിസ് ജീവനക്കാരെ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചതായി പിഎ വ്യക്തമാക്കി. അതിന് ശേഷമാണ് ഇവിടെ നിന്ന് ഫയലുകള്‍ എടുത്ത് കൊണ്ടുപോയത്. പോലിസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടേക്ക് സംഭവമറിഞ്ഞ് എത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.

അതേസമയം മോഷ്ടിക്കപ്പെട്ടത് നിര്‍ണായക രേഖകളാണോ എന്ന് വ്യക്തമല്ല. നേരത്തെ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയിരുന്നു. അച്ചടക്ക ലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കിയിരുന്നു. കലാപത്തില്‍ ഗൂഢാലോചനയുണ്ടെന്നും, അത് പുറത്ത് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അധീര്‍ ചൗധരി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News