''റാണി കമലാപതിയുടെ ഭര്‍ത്താവ് മുസ്‌ലിം; ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റിയത് തെറ്റിദ്ധരിപ്പിക്കാന്‍''- വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി

നവംബര്‍ 15നാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 'റാണി കമലാപതി' റെയില്‍വേ സ്‌റ്റേഷന്‍ എന്നാക്കി പേര് മാറ്റിയതാണ് വിവാദമായിരിക്കുന്നത്

Update: 2021-11-28 13:54 GMT

ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ കളിയാക്കി കോണ്‍ഗ്രസ് എംപി. ബിജെപി സര്‍ക്കാര്‍ 'റാണി കമലാപതി' എന്നാണ് റെയില്‍ വേസ്‌റ്റേഷന് നാമകരണം ചെയ്തത്. എന്നാല്‍, ''റാണി കമലാപതി വിവാഹം കഴിച്ചത് മുസ്‌ലിമിനെയായിരുന്നുവെന്നും ബിജെപി ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് കോണ്‍ഗ്രസ് എംപി രാജ്മണി പട്ടേലിന്റെ വിമര്‍ശനം. നവംബര്‍ 15നാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. റാണി കമലാപതി റെയില്‍വേ സ്‌റ്റേഷന്‍ എന്നാക്കി പേര് മാറ്റിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.


18ാം നൂറ്റാണ്ടിലെ ഗോണ്ട് രാജ്ഞിയായിരുന്ന റാണി കമലാപതി വിവാഹം ചെയ്തത് ഒരു മുസ്‌ലിമിനെയായിരുന്നുവെന്ന് നേരത്തെ മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. സ്‌റ്റേഷന്റെ പുതിയ പേരുമാറ്റത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് എംപി രാജ്മണി പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഭോപ്പാലിലെ ഒരു റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റിയത്. (ഭോപ്പാലിന്റെ) ആദിവാസി രാജ്ഞിയായ റാണി കമലാപതിയുടെ പേരാണ് സ്‌റ്റേഷന് പുതുതായി ഇട്ടിരിക്കുന്നത്. റാണി കമലാപതി ആരായിരുന്നുവെന്ന് സാധാരണ ജനത്തിന് അറിയില്ല. അവരൊരു ഗോത്രവര്‍ഗക്കാരിയായിരുന്നു. അവര്‍ ആരെയാണ് വിവാഹം കഴിച്ചിട്ടുള്ളത്? ഒരു മുസ്‌ലിമിനെയായിരുന്നു അവര്‍ വിവാഹം കഴിച്ചത്. ഇനി അവര്‍ ശുദ്ധ ഹിന്ദുവോ ശുദ്ധ മുസല്‍മാനോ ആണെന്ന് പ്രധാനമന്ത്രിയോട് ചോദിക്കൂ രാജ്മണി പട്ടേല്‍ പറഞ്ഞു. ''കമലാപതി ഒരു മുസ്‌ലിം സൈനിക മേധായുമായി സൗഹൃദത്തിലായിരുന്നു. പലപോരാട്ടങ്ങളിലും അയാളുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍, ഇരുവരും പ്രണയത്തിലായ ശേഷം അവര്‍ ജലസമാധിയാകുകയായിരുന്നു'' അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുമുസ്‌ലിം പേരുകള്‍ പറഞ്ഞ് ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും രാജ്മണി പട്ടേല്‍ കുറ്റപ്പെടുത്തി. വോട്ടിനു വേണ്ടി ചരിത്രം തിരുത്തുകയാണ്.


രാജാ മഹാരാജാക്കന്മാരുടെ സ്വഭാവങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം. ഈ രാജ്യത്തിന് രാജാ മഹാരാജാക്കന്മാര്‍ ചെയ്തതെന്താണെന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാണി കമലാപതി മുസ്‌ലിമായിരുന്നോ എന്ന ചോദ്യത്തോട് അത് ബിജെപി വ്യക്തമാക്കട്ടെയെന്ന് പട്ടേല്‍ പ്രതികരിച്ചു. ബിജെപി നേതാക്കളുടെ മക്കളും മുസ്‌ലിംകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും രാജ്മണി പട്ടേല്‍ എംപി പറഞ്ഞു. റാണി കമലാപതി ഒരു മുസ്‌ലിമിനെയാണ് വിവാഹം കഴിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടി ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്റെ പേരുമാറ്റം ചര്‍ച്ച ചെയ്യപ്പെട്ട സമയത്തുതന്നെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. റാണി കമലാപതി വിവാഹം കഴിച്ചത് ഗിന്നോര്‍ഘഢ് രാജാവായിരുന്ന സുരജ് സിങ് ഷായുടെ മകന്‍ നിസാം ഷായെയാണെന്നാണ് കത്തില്‍ സൂചിപ്പിച്ചത്. സംസ്ഥാന ഘടകത്തിന്റെ വിയോജിപ്പ് നിലനില്‍ക്കെയാണ് ഹബീബ് ഗഞ്ചിന്റെപേര് മാറ്റിയത്.

Tags:    

Similar News