ന്യൂഡല്‍ഹി: അച്ചടക്കലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി രജനി ആകാശ്‌റാവു പാട്ടീലിനെ ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അദാനി ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തെപ്പറ്റി സഭയ്ക്കുള്ളില്‍ നിന്ന് വീഡിയോ തയാറാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനാണ് രജനിക്കെതിരെ രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ നടപടി എടുത്തത്. പാര്‍ലമെന്റിന്റെ അച്ചടക്കം നിലനിര്‍ത്താനായാണ് ഈ നടപടിയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി. സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രിവിലേജസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.