ബിജെപിയുടെ ലക്ഷ്യം പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

Update: 2022-06-22 13:25 GMT

ന്യൂഡല്‍ഹി:  ബിജെപിയുടെ ലക്ഷ്യം പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. എങ്ങനെയും ഇന്ത്യ മുഴുവന്‍ കയ്യടക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ആദ്യം ബിജെപി പറഞ്ഞത് കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്,' അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തിനെതിരേയായിരുന്നു ചൗധരിയുടെ വിമര്‍ശനം.

നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമായിരുന്നു. ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്‍. പൊതുമരാമത്ത് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി ഒളിവില്‍ പോയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags:    

Similar News