അവിശ്വാസപ്രമേയം; സുപ്രിംകോടതി നിലപാടില്‍ നിരാശ രേഖപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

Update: 2022-04-08 18:26 GMT

ഇസ്‌ലാമാബാദ്: പിരിച്ചുവിട്ട പാക് പാര്‍ലമെന്റ് പുനഃസ്ഥാപിക്കുന്നതിനുള്ള സുപ്രിംകോടതിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. താന്‍ ഉന്നയിച്ച 'വിദേശ ഗൂഢാലോചന'യെ സംബന്ധിച്ച് ചെറിയ ഒരു അന്വേഷണം പോലും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക് പാര്‍ലമെന്റ് അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് ഇമ്രാന്‍ഖാന്‍ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

താന്‍ സുപ്രിംകോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വിധിയില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ വിധി പാകിസ്താന്‍ സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് ഇമ്രാന്‍ഖാന്റെ നീക്കം പാതിവഴിയില്‍ നിന്നത്.

പാകിസ്താന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി റദ്ദാക്കുക മാത്രമല്ല, 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് തേടാനും കോടതി നിര്‍ദേശിച്ചു. അതു പ്രകാരം നാളെ രാവിലെ പത്തരയോടെയാണ് ഇമ്രാന്‍ഖാനെതിരേയുള്ള അവിശ്വാസപ്രമേയം അവതരിപ്പിക്കുക.

എല്ലാ മന്ത്രിമാരും അതതു ഓഫിസില്‍ തിരിച്ചെത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News