'കാര്യപ്രാപ്തിയുമില്ല, ഭരിക്കാനുമറിയില്ല'; പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് മമത ബാനര്‍ജി
പുരുലിയ: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രിക്ക് കാര്യപ്രാപ്തിയില്ലെന്നു മാത്രമല്ല, ഒരു രാജ്യത്തെ ഭരിക്കാനുള്ള കഴിവില്ലെന്നും മമത ആക്ഷേപിച്ചു. പുരുലിയയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ''പ്രധാനമനമന്ത്രി പൂര്‍ണമായും കഴിവുകെട്ടവനാണ്, രാജ്യം ഭരിക്കാനറിയില്ല. കേന്ദ്രത്തിന്റേത് ഒരു ഏകാധിപത്യഭരണകൂടമാണ്''- മമത കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു.
നമുക്ക് ബിജെപി ആവശ്യമില്ല, കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ആവശ്യമില്ല, ബിജെപിയെ പുറത്താക്കുക, കളി നടന്നുകൊണ്ടിരിക്കുകയാണ്. നമുക്ക് കാണാം നാം വിജയിക്കും- ബിജെപിയും കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും മൂന്നു സഹോദരന്മാരാണെന്നും മമത വിശേഷിപ്പിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം വീണ്ടും വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് സൗജന്യം റേഷന്‍ ലഭിക്കും, റേഷന്‍ വീട്ടുപടിയിലെത്തിക്കും. മെയ് മാസത്തിനുശേഷം റേഷന്‍ ഷോപ്പുകളിലേക്ക് വരേണ്ടതുപോലുമില്ല- മമത പറഞ്ഞു.
''ആരെങ്കിലും ആക്രമിച്ചതുകൊണ്ട് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് മമത പറഞ്ഞു. മാര്‍ച്ച് 10ാം തിയ്യതിയിലെ ആക്രമണത്തില്‍ പരിക്കേറ്റു. ഭാഗ്യവശാല്‍ അതിനെ അതിജീവിക്കാനായി. ഒടിഞ്ഞ കാലുമായി വരാനാവില്ലെന്ന് ചിലര്‍ കരുതുന്നു. പക്ഷേ, സാധാരണ ജനങ്ങളുടെ വേദന എന്റെ വേദനയേക്കാള്‍ വലുതാണ്''- മമത പറഞ്ഞു.
നന്ദിഗ്രാമില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന സമയത്താണ് മമതക്കെതിരേ ആക്രമണം നടന്നത്. കാലിന് പരിക്കേറ്റ അവര്‍ രണ്ട് ദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു. എന്നാല്‍ മമതയ്ക്ക് എതിരേ ആക്രമണം നടന്നുവെന്നതിന് തെളിവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.