ആശുപത്രികള്‍ കൊള്ളയടിക്കപ്പെട്ടതിനാല്‍ മരുന്നും ചികിത്സയുമില്ല; ടിഗ്രെയില്‍ കൊവിഡ് പടര്‍ച്ച ഭയക്കുന്നതായി ലോകാരോഗ്യ സംഘടന
നവംബര്‍ 4 ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ടിഗ്രെയിലെ ആറ് ദശലക്ഷം ജനങ്ങള്‍ പ്രയാസത്തിലാണ്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല.
ടിഗ്രെ: എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ കൊവിഡിന്റെ അതിതീവ്ര പകര്‍ച്ച ഭയക്കുന്നതായി ലോകാരോഗ്യ സംഘടന. സര്‍ക്കാര്‍ സേനയുമായി ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്ന പ്രദേശത്തെ ആശുപത്രികള്‍ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തത് കൊവിഡ് നിന്ത്രണത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
നവംബര്‍ 4 ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ടിഗ്രെയിലെ ആറ് ദശലക്ഷം ജനങ്ങള്‍ പ്രയാസത്തിലാണ്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. എത്യോപ്യയിലെ പ്രവിശ്യയാണെങ്കിലും അവിടുത്തെ സര്‍ക്കാറിനെ എത്യോപ്യന്‍ ഭരണകൂടം അംഗീകരിച്ചിട്ടില്ല. ഇതു കാരണം ടിഗ്രെയിലെ ജനങ്ങളും എത്യോപ്യന്‍ സൈന്യവും തമ്മില്‍ മാസങ്ങളായി സംഘര്‍ഷം നടക്കുകയാണ്. ഭക്ഷണം, മരുന്നുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ തീര്‍ന്നുപോയതിനാല്‍ ടിഗ്രെയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎനും മറ്റുള്ളവരും അഭ്യര്‍ഥിച്ചിട്ടും എത്യോപ്യ അന്താരാഷ്ട്ര ഇടപെടലുകള്‍ നിരസിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശമാണ് എത്യോപ്യ. ഇവിടെ ഇതുവരെ 127,227 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ടിഗ്രെയിലെ കണക്കുകള്‍ ആരുടെ കൈവശവും ലഭ്യമല്ല. അതിനു പുറമെ ടിഗ്രെയില്‍ ഭക്ഷണ വിതരണം പോലും വളരെ പരിമിതമാണ്. വ്യാപകമായ കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.