എത്യോപ്യയിലെ ടിഗ്രേ സംഘര്‍ഷം: മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഉര്‍ദുഗാന്‍
'യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ 'സമാധാനവും സമഗ്രതയും തങ്ങള്‍ക്ക് പ്രധാനമാണ്' എന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിനെ സന്ദര്‍ശിച്ച് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ആദിസ് അബാബ: വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രാജ്യത്തിന്റെ 'സമഗ്രത' സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് ഉര്‍ദുഗാന്‍ ഇതുസംബന്ധിച്ച വാഗ്ദാനം നല്‍കിയത്.
'യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ 'സമാധാനവും സമഗ്രതയും തങ്ങള്‍ക്ക് പ്രധാനമാണ്' എന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിനെ സന്ദര്‍ശിച്ച് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
'സ്ഥിതി വഷളാവുകയാണെങ്കില്‍, മേഖലയിലെ എല്ലാ രാജ്യങ്ങളെയും അതു ബാധിക്കും'- സംയുക്ത പ്രസ്താവനയില്‍ ഉര്‍ദുഗാനും അബി അഹമ്മദും വ്യക്തമാക്കി. തുര്‍ക്കി എന്ന നിലയില്‍, മധ്യസ്ഥത ഉള്‍പ്പെടെ പ്രശ്‌ന പരിഹാരത്തിന് എല്ലാ സംഭാവനകളും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉര്‍ദുഗാന്‍ അറിയിച്ചു. ആങ്കറയും ആദിസ് അബാബയും തമ്മില്‍ സൗഹൃദ ബന്ധമുണ്ട്. സാമ്പത്തിക സഹകരണവും വ്യാപാരവും വര്‍ദ്ധിപ്പിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
പരസ്പര ബഹുമാനവും വിശ്വാസവും' അടിസ്ഥാനമാക്കിയാണ് ഇരു രാജ്യങ്ങളുടെയും ബന്ധം കെട്ടിപ്പടുത്തതെന്ന് അബി പറഞ്ഞു. എന്നാല്‍ രണ്ട് നേതാക്കളും പ്രത്യേക കരാറുകളോ ഇടപാടുകളോ പ്രഖ്യാപിച്ചില്ല.
മേഖല കൈയടക്കിയ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിനെ (ടിപിഎല്‍എഫ്) തകര്‍ക്കാന്‍ കഴിഞ്ഞ നവംബര്‍ അബി ടിഗ്രേയിലേക്ക് സൈന്യത്തെ അയച്ചതോടെയാണ് മേഖല സംഘര്‍ഷ ഭരിതമായത്. പതിനായിരങ്ങളാണ് സുദാനിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് പലായനം ചെയ്തത്. പോരാട്ടം നാലു ലക്ഷത്തോളം പേരെ വറുതിയിലേക്ക് തള്ളിവിട്ടതായി യുഎന്‍ പറഞ്ഞു.അടുത്ത 12 മാസത്തിനുള്ളില്‍ ടിഗ്രേയിലെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ജീവന്‍ അപകടപ്പെടുത്തുന്ന പോഷകാഹാരക്കുറവ് അനുഭവപ്പെടുമെന്ന് ജൂലൈയില്‍ യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.