'സര്‍,മാഡം' വിളി ഇനി വേണ്ട;ജെന്‍ഡര്‍ ന്യൂടാലിറ്റിക്ക് പാലക്കാട് ഓലശ്ശേരി സ്‌കൂളിന്റെ മാതൃക
സംസ്ഥാനത്തെ മറ്റ് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുള്‍പ്പെടേ നടപ്പാക്കുന്നതിനിടെയാണ് ഓലശ്ശേരി സര്‍ക്കാര്‍ എയ്ഡഡ് സീനിര്‍ ബേസിക് സ്‌കൂള്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്
പാലക്കാട്: ജെന്‍ഡര്‍ ന്യൂടാലിറ്റിയുടെ ഭാഗമായി അധ്യാപകരെ 'സര്‍,മാഡം' എന്ന് അഭിസംബോധന ചെയ്യേണ്ടതില്ലെന്ന നിര്‍ദേശവുമായി പാലക്കാട്ടെ സ്‌കൂള്‍. അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍ ആണ് ഇത്തരത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവുന്നത്.
മുന്നൂറോളം കൂട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപികമാരും, എട്ട് അധ്യാപകരുമാണ് ഉള്ളത്. സംസ്ഥാനത്തെ മറ്റ് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുള്‍പ്പെടേ നടപ്പാക്കുന്നതിനിടെയാണ് ഓലശ്ശേരി സര്‍ക്കാര്‍ എയ്ഡഡ് സീനിര്‍ ബേസിക് സ്‌കൂള്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂളിലെ സജീവ് കുമാര്‍ വി എന്ന അധ്യാപകനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ സര്‍ എന്ന് വിളിക്കുന്ന സമ്പ്രദായം ഇല്ലാതാക്കാന്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരംഭിച്ച കാമ്പെയ്‌നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു സജീവ് കുമാര്‍ ആശയം അവതരിപ്പിച്ചത്.