സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; സര്‍ക്കാറിന് സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാര്‍ശ

Update: 2024-11-26 04:59 GMT
സ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; സര്‍ക്കാറിന് സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാര്‍ശ

തിരുവനന്തപുരം: സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താന്‍ പിഎസ്‌സി അപേക്ഷയില്‍ കോളം വേണമെന്ന സുപ്രധാന നിര്‍ദ്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. ആര്‍ഭാട വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന് ആവശ്യപ്പെട്ടു കൊണ്ടുള്ള കമ്മീഷന്‍ പഠനറിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ.

വധുവിനു നല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണമെന്നും നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനര്‍വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതിക്കും കമ്മീഷന്‍ ശുപാര്‍ ശചെയ്തു.

സര്‍ക്കാര്‍ജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പുമേധാവിക്ക് സത്യവാങ്മൂലം നല്‍കണം,സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിര്‍ബന്ധമാക്കണം, ഗാര്‍ഹികപീഡനവും സ്ത്രീധനമരണവും കൈകാര്യംചെയ്യാന്‍ പോലീസിന് പരിശീലനം നല്‍കണം, അതിജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം, ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സ്ത്രീധനനിരോധന നിയമവും അനുബന്ധചട്ടങ്ങളും ഉള്‍പ്പെടുത്തണം തുടങ്ങിയ ഒട്ടനവധി നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Tags:    

Similar News